എയര്‍ ഇന്ത്യ വീണ്ടും സൗദിയില്‍ നിന്നുള്ള പ്രവാസി യാത്രക്കാരെ വെട്ടിലാക്കി

single-img
12 June 2019

പ്രവാസി യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി എയര്‍ ഇന്ത്യ. റിയാദില്‍ നിന്ന് ഞായറാഴ്ച വൈകിട്ട് 3.45ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 924 എയര്‍ഇന്ത്യ വിമാനം ചൊവ്വാഴ്ച രാത്രി 12.15നാണ് പുറപ്പെട്ടത്. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 168 യാത്രക്കാര്‍ ദുരിതത്തിലായി.

യാത്രക്കാരില്‍ അമ്മയുടെ മരണവിവരം അറിഞ്ഞു നാട്ടിലേക്കു പുറപ്പെട്ട കുടുംബവുമുണ്ടായിരുന്നു. വിമാനം വൈകിയതോടെ സാം ഫിലിപ്പ് എന്ന യാത്രക്കാരന്റെ അമ്മയുടെ സംസ്‌കാരം രണ്ടു തവണ മാറ്റിവെക്കേണ്ടി വന്നു. ബികോം രണ്ടാം വര്‍ഷ പരീക്ഷ എഴുതാന്‍ പുറപ്പെട്ട കൊല്ലം പള്ളിമുക്ക് സ്വദേശി ഷിബ്‌ന ബഷീറിന് പരീക്ഷ എഴുതാനും പറ്റിയില്ല.

റിയാദില്‍ നിന്ന് ഞായറാഴ്ച വൈകിട്ട് 3.45ന് പുറപ്പെട്ട വിമാനം റണ്‍വേയില്‍ അല്‍പം ദൂരം മുന്നോട്ടുനീങ്ങിയതിനു ശേഷമാണ് എന്‍ജിന്‍ തകരാറുണ്ടെന്ന് അറിയിച്ചത്. 15 മിനിറ്റിനുള്ളില്‍ പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിപ്പെന്ന് യാത്രക്കാരനായ സാം പറഞ്ഞു. ഒരു മണിക്കൂറോളം വിമാനത്തിലിരുത്തി.

സാങ്കേതിക പ്രശ്‌നം പരിഹരിച്ച് രാവിലെ 7ന് പുറപ്പെടുമെന്നായിരുന്നു പിന്നീടുള്ള അറിയിപ്പ്. തുടര്‍ന്ന് യാത്രക്കാരെ ടെര്‍മിനലിലേക്ക് തിരിച്ചയച്ചു. പിന്നീടു യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ലഗേജ് വിമാനത്തിലായതിനാല്‍ ഉടുതുണി മാറ്റാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു യാത്രക്കാര്‍ക്ക്.

ഇതേ വിമാനം തന്നെ തിരിച്ചെത്തി തിങ്കളാഴ്ച രാവിലെ മുംബൈയിലേക്ക് സര്‍വീസ് നടത്തേണ്ടതായിരുന്നു. എന്നാല്‍ മുംബൈയിലേക്കുള്ള യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.