ആശിഷ് നെഹ്‌റക്ക് വരെ കിട്ടിയ ഒരു വിരമിക്കല്‍ മത്സരം പോലും എന്തുകൊണ്ട് കിട്ടിയില്ല?; വെളിപ്പെടുത്തലുമായി യുവരാജ് സിങ്ങ്

single-img
11 June 2019

ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവരാജ് സിങ്ങെന്ന യുവരാജാവിനെ അടയാളപ്പെടുത്തുന്ന സൂചകങ്ങള്‍ പലതുണ്ട്. നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ ടീമിനെ അവിശ്വസനീയ വിജയത്തിലേക്കു നയിച്ച പ്രകടനത്തില്‍ തുടങ്ങുന്നു, ഇത്തരം ആവേശ പ്രകടനങ്ങള്‍. പിന്നീട് 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യന്‍ കിരീടവിജയത്തിന്റെ നട്ടെല്ലായ പ്രകടനങ്ങള്‍ ആരാധകര്‍ എങ്ങനെ മറക്കും.

കളത്തിലെ തികഞ്ഞ പോരാളി. കൊണ്ടും കൊടുത്തും തന്നെയാണ് ഇന്ത്യന്‍ ടീമില്‍ യുവി സ്ഥാനമുറപ്പിച്ചത്. കരിയറിന്റെ ഔന്നത്യത്തില്‍ പിടികൂടിയ അര്‍ബുദത്തോടെ യുവരാജിന്റെ നിലപാട് അതുതന്നെയായിരുന്നു. ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം അര്‍ബുദത്തെ അതിജീവിച്ച് ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിയെത്തിയ യുവിയുടെ അതിജീവനത്തിന്റെ കഥ, സമാനകള്‍ അധികമില്ലാത്തതാണ്.

പക്ഷേ എന്തുകൊണ്ട് അര്‍ഹിച്ച ഒരു വിടവാങ്ങല്‍ മത്സരം യുവിക്ക് ലഭിച്ചില്ല? എല്ലാവരും ചോദിക്കുന്നതു ഇതുതന്നെയാണ്. വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിനിടെ അതിനുള്ള ഉത്തരം കൂടി നല്‍കിയാണ് യുവി വിടവാങ്ങിയത്. യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടാലും തനിക്ക് വിരമിക്കല്‍ മത്സരം കളിക്കാന്‍ അവസരം നല്‍കുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നതായി യുവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ യോയോ ടെസ്റ്റ് വിജയിച്ചിട്ടും മത്സരം ലഭിച്ചില്ല. ഇങ്ങനെയൊരു മത്സരം വേണമെന്ന് പറഞ്ഞ് താന്‍ ക്രിക്കറ്റ് ബോര്‍ഡിനെയോ ഉദ്യോഗസ്ഥരെയോ സമീപിച്ചിട്ടില്ലെന്നും യുവരാജ് വ്യക്തമാക്കി.

2017ലാണ് യുവരാജ് അവസാനമായി ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞത്. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിലായിരുന്നു ഇത്. എന്നാല്‍ മികച്ച പ്രകടനം നടത്താന്‍ യുവിക്ക് ആയില്ല. ഇതോടെ ടീമില്‍ നിന്ന് പുറത്താകുകയായിരുന്നു. അതേസമയം വിടവാങ്ങല്‍ മത്സരം ലഭിക്കാത്തിലുള്ള വേദന എത്രത്തോളമുണ്ടാകുമെന്ന് വീരേന്ദര്‍ സെവാഗ് പങ്കുവെച്ചു. എന്നാല്‍ അങ്ങനെ ഒരു മത്സരം വേണമെന്ന് യുവി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതിഹാസ താരങ്ങളായ വിവിഎസ് ലക്ഷ്മണും രാഹുല്‍ ദ്രിവിഡിനും അര്‍ഹിച്ച വിടവാങ്ങല്‍ ലഭിച്ചിട്ടില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി.