സോഷ്യൽ മീഡിയയിൽ വിമർശിച്ചാൽ അറസ്റ്റ്; യോഗി ആദിത്യനാഥും പിണറായിയും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്: രമേശ് ചെന്നിത്തല

single-img
11 June 2019

സോഷ്യൽ മീഡിയയിലൂടെ തന്നോട് എതിര്‍പ്പ് ഉന്നയിക്കുന്നവരോട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള അതേ സമീപനം തന്നെയാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടുതന്നെ യോഗി ആദിത്യനാഥും പിണറായിയും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ ചോദിച്ചു. കേരളത്തിൽ നടക്കുന്ന ഭരണം ഏകാധിപത്യവും ഫാസിസവുമാണ്. പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ വൈരികളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയത്തിനെതിരെ യു ഡി എഫ് ശക്തമായി പോരാടുമെന്നും ചെന്നിത്തല പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച 119 പേ‍ര്‍ക്കെതിരെ കേരളത്തിൽ ഈ സർക്കാരിന്റെ കാലത്ത് കേസെടുത്തെന്നായിരുന്നു സ‍ര്‍ക്കാര്‍ രേഖ. കേരളത്തിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിച്ചതിന് 41 സംസ്ഥാന സർക്കാർ ജീവനക്കാ‍ര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചെന്നും സര്‍ക്കാരിന്റെ രേഖകൾ പറയുന്നു. ഇക്കൂട്ടത്തിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചവരിൽ 12 പേർ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ഒരാൾ കേന്ദ്രസർക്കാർ ജീവനക്കാരനുമാണ്.

കാസര്‍കോട് നടന്ന ഇരട്ടകൊലപാതകത്തിൽ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വമായ നീക്കം നടത്തുന്നു എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണ സംഘത്തെ ഇതുവരെ മൂന്ന് തവണ മാറ്റി. എന്ത് വിലകൊടുത്തായാലും പ്രതികളെ രക്ഷിക്കാൻ ലക്ഷ്യമിട്ടാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അങ്ങിനെയല്ല എങ്കിൽ എന്തുകൊണ്ടാണ് സര്‍ക്കാര്‍ സിബി ഐ അന്വേഷണത്തെ ഭയക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.