എന്റെ ഒറ്റ ഫോണ്‍ കോളില്‍ മോദി നികുതി പകുതിയായി വെട്ടിക്കുറച്ചു: വെളിപ്പെടുത്തി ട്രംപ്

single-img
11 June 2019

ഹാര്‍ലി ഡേവിഡ്‌സണ്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ബൈക്കുകള്‍ക്കു ഇന്ത്യ വന്‍ ഇറക്കുമതിച്ചുങ്കം ചുമത്തുന്ന കാര്യം നയതന്ത്ര ചര്‍ച്ചകളില്‍ നിരവധി തവണ ഇടം പിടിച്ച വിഷയമാണ്. ഇന്ത്യ 100 ശതമാനം ചുങ്കമാണ് ചുമത്തിയിരുന്നത്. എന്നാല്‍ ട്രംപിന്റെ സമ്മര്‍ദ്ദം കാരണം ഇത് പകുതിയായി കുറച്ചിരുന്നു. 100 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്കാണ് താരിഫ് കുറച്ചത്.

എന്നാല്‍, യുഎസ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ പൂജ്യം ശതമാനത്തിലേക്ക് എത്തിക്കണമെന്ന കടുംപിടിത്തത്തിലാണിപ്പോള്‍ ഡൊണാള്‍ഡ് ട്രംപ്. 100 ല്‍ നിന്ന് 50 ശതമാനത്തിലേക്ക് കുറച്ചത് സ്വീകാര്യമല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. സിഎസ്ബി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വിഷയത്തില്‍ ഇന്ത്യയോടുളള അതൃപ്തി തുറന്ന് പറഞ്ഞത്.

‘പ്രധാനമന്ത്രി മോദി എന്റെ ഉറ്റസുഹൃത്താണ്, അവര്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ നോക്കൂ, മോട്ടോര്‍സൈക്കിളിന് അവര്‍ 100 ശതമാനം നികുതി ഈടാക്കുന്നു. നാം അവരില്‍ നിന്ന് ഒന്നും ഈടാക്കുന്നുമില്ല. അവര്‍ അനേകം മോട്ടോര്‍ സൈക്കിളുകള്‍ ഉണ്ടാക്കുന്നു, അവര്‍ അത് കയറ്റി അയക്കുന്നു, നമ്മള്‍ ഒന്നും ചാര്‍ജ് ചെയ്യുന്നില്ല. ഞാന്‍ മോദിയെ വിളിച്ചു ഇത് സ്വീകാര്യമല്ലെന്ന് പറഞ്ഞു’.

‘എന്റെ ഒരു ഫോണ്‍ കോള്‍ കൊണ്ട് മോദി 50 ശതമാനം നികുതി കുറച്ചു. ഞാന്‍ പറഞ്ഞു, ഇത് ഇപ്പോഴും സ്വീകാര്യമല്ലെന്ന് കാരണം 50 ശതമാനവും നികുതി ഇല്ലായ്മയും തമ്മില്‍ വലിയ അന്തരമുണ്ട്. അമേരിക്കന്‍ മോട്ടോര്‍ സൈക്കിളിന് നികുതി പൂര്‍ണമായും എടുത്തുകളയണമെന്ന യുഎസ് ആവശ്യത്തോട് ആലോചിച്ച് തീരുമാനിക്കാമെന്നായിരുന്നു മോദിയുടെ മറുപടി’– ട്രംപ് പറഞ്ഞു.

ഗാട്ട് കരാര്‍ (ജനറല്‍ എഗ്രിമെന്റ് ഓണ്‍ താരിഫ്‌സ് ആന്‍ഡ് ട്രേഡ്) അനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കു യുഎസില്‍ നികുതിയില്ല. ജിഎസ്പി പ്രകാരമാണിത്. എന്നാല്‍ ഇന്ത്യ 20 ശതമാനത്തില്‍ കൂടുതല്‍ ഇറക്കുമതിചുങ്കം യുഎസില്‍ നിന്നു എല്ലാ ഉത്പന്നങ്ങള്‍ക്കും ഈടാക്കുന്നുണ്ട്. ഈ വ്യത്യാസം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നു ട്രംപ് പറയുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മോഡലുകളുടെ വില കുത്തനെ കുറച്ചിരുന്നു. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഹൈ പവര്‍ ബൈക്കുകളുടെ കസ്റ്റംസ് ഡ്യൂട്ടി 50 ശതമാനത്തോളം കേന്ദ്രസര്‍ക്കാര്‍ കുറച്ചതിനു പിന്നാലെയാണ് വില കുത്തനെ കുറച്ചത്.