സുപ്രീംകോടതി – സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകൾ നോക്കുകുത്തി; ശബരിമല, മാളികപ്പുറം മേല്‍ശാന്തി തസ്തികകളിലേക്ക് മലയാള ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് ദേവസ്വം ബോർഡ്

single-img
11 June 2019

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ മേല്‍ശാന്തി തസ്തികകളിലേക്ക് മലയാള ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനം. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നടത്തുന്ന ഒരു നിയമനത്തിനും ജാതി പരിഗണന പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവും 2014 ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും നിലനില്‍ക്കെയാണ് ബോര്‍ഡ് പഴയ രീതി തന്നെ പിന്തുടരുന്നത്.

സംസ്ഥാന സർക്കാർ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചശേഷം ജാതിപരിഗണനയില്ലാതെയാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളെല്ലാം നടത്തുന്നത്. ഇതിന്റെ ഭാഗമായി രണ്ടുവര്‍ഷം മുമ്പ് പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ളവരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശാന്തിക്കാരായി നിയമിക്കുയും ചെയ്തിരുന്നു. പക്ഷെ ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തി നിയമനം ഒരു വര്‍ഷത്തേക്കാണ്. ഇത് സ്ഥിര നിയമനവുമല്ല അതുകൊണ്ടു തന്നെ ഇതില്‍ തീരുമാനമെടുക്കുന്നത് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മാത്രമല്ല.

തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്റെ പൊതു അഭിപ്രായം ഇപ്പോഴത്തെ സ്ഥിതി മാറണമെന്ന് തന്നെയാണെന്നും മുൻപ് ഉണ്ടായിരുന്ന സമ്പ്രദായം തങ്ങൾ തുടരുകയും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്തുടരുകയുമാണ് തങ്ങള്‍ ചെയ്തതെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.

2002ലായിരുന്നു ദേവസ്വം നിയമനങ്ങളില്‍ ജാതിപരിഗണന പാടില്ലെന്ന് പറവൂര്‍ രാകേഷ് തന്ത്രിയുടെ കേസില്‍ സുപ്രീംകോടതി വിധിയുണ്ടായത്. തുടർന്നും എല്ലാവര്‍ഷവും ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ജാതി വിവേചനം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ശബരിമലയിൽ ഈഴവനായ ശാന്തിയുടെ അപേക്ഷ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരസിച്ചതും വിവാദമായിരുന്നു. മലയാള ബ്രാഹ്മണന്‍ അല്ലാത്തതിനാല്‍ അവസരം നല്കാനാകില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡ് നിലപാട്.