കടല്‍ തീരം നിറയെ പഞ്ഞിക്കെട്ടുപോലെ വെള്ള മേഘങ്ങങ്ങളായി തിരമാലകള്‍; പാപനാശം കടപ്പുറത്ത് കടല്‍ പതഞ്ഞ് പൊങ്ങി

single-img
11 June 2019

കൊല്ലം പാപനാശം കടപ്പുറത്ത് കടല്‍ മേഘങ്ങള്‍ പോലെ പതഞ്ഞ് പൊങ്ങി. കരയിലേക്ക് അടിക്കുന്ന വെള്ളത്തോടൊപ്പമാണ് പതയും തീരത്തേക്ക് കയറിയത്. ഇവ പെട്ടന്ന് പൊട്ടിപോകുന്ന തരത്തിലുള്ളതല്ല. കാറ്റ് ശക്തമായി അടിച്ചതോടെ തീരത്തേക്ക് അടിച്ച് കയറ്റിയതോടെ തീരം മുഴുവനും പഞ്ഞിക്കെട്ടുപോലെ വെള്ള മേഘങ്ങള്‍ നിറഞ്ഞ തീരമായി പാപനാശം മാറി.

കഴിഞ്ഞ ദിവസം രാവിലെ ഏതാണ്ട് 8.30 മുതലാണ് പതകണ്ട് തുടങ്ങിയത്. തുടര്‍ന്ന്‍ ഉച്ചയോടെ ഇത് പൂര്‍ണ്ണമായും മാറി. ഏതാനും വര്‍ഷങ്ങളായി ഇത്തരത്തില്‍ കടല്‍ തീരത്ത് കാണുന്നുണ്ടെന്നും പ്രത്യേകിച്ച് പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നും നാട്ടുകാരനായ കാക്കത്തോപ്പ് അല്‍ബി ലോറനസ്‍ പറയുന്നു. ചെട്ടിക്കുളങ്ങര മുതല്‍ തെക്കോട്ടാണ് ഈ പ്രത്യേകത ഇപ്പോള്‍ കാണുന്നത്. കായലില്‍ നിന്നും വെള്ളം കടലിലേക്കിറങ്ങുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

കൊല്ലം ജില്ലയുടെ തെക്കന്‍ തീരത്താണ് പൊതുവേ ഇത്തരത്തില്‍ കാണപ്പെടുന്നത്. ഏകദേശം അരക്കിലോമീറ്റര്‍ ദൂരം ഇത്തരത്തില്‍ പത പൊങ്ങുമെന്നും ലോറന്‍സ് പറഞ്ഞു.