‘ഇതെന്ത് നിയമം?’; യുപിയില്‍ യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി

single-img
11 June 2019

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. ട്വീറ്റുകളുടെ പേരില്‍ എങ്ങനെയാണ് അറസ്റ്റ് ചെയ്യുകയെന്ന് കോടതി ചോദിച്ചു. പ്രകോപനപരമാണ് ഇത്തരം ട്വീറ്റുകളെന്നായിരുന്നു യു.പി സര്‍ക്കാരിന്റെ വാദം. ഇത്തരമൊരു കേസില്‍ 22 ദിവസം റിമാന്റ് ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ സുപ്രീം കോടതി വ്യക്തികളുടെ സ്വാതന്ത്ര്യം പരമപ്രധാനമാണെന്നും വ്യക്തമാക്കി.

യോഗി ആദിത്യനാഥിനോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് ജൂണ്‍ എട്ടിന് പ്രശാന്ത് കനോജിയ എന്ന മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് അറസ്റ്റ് നിയമവിരുദ്ധമാണെന്നു കാണിച്ച് പ്രശാന്തിന്റെ ഭാര്യ ജഗീഷാ അറോറ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതൊരു കൊലപാതകക്കേസാണോ എന്നും കോടതി ആരാഞ്ഞു. പ്രശാന്ത് ഉള്‍പ്പെടെ അഞ്ചുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. നോയ്ഡയിലെ ടിവി ചാനലിന്റെ ഉടമസ്ഥനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.