പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതി; മന്ത്രിക്കും സെക്രട്ടറിക്കുമെന്ന പേരില്‍ പണപ്പിരിവ് നടന്നു; വിജിലന്‍സ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി

single-img
11 June 2019

പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതി നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കും സെക്രട്ടറിക്കും എന്ന പേരില്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടന്നെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 2015ലെ വിജിലന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ചു കൊണ്ടിയിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

അന്നത്തെ സര്‍ക്കാര്‍ റിപ്പോര്‍ട്ടിനനുസരിച്ച് നടപടി കൈക്കൊണ്ടിരുന്നെങ്കില്‍ പാലാരിവട്ടം പാലം ദുരന്തം സംഭവിക്കില്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റും പൊതുമരാമത്ത് വകുപ്പില്‍ ക്രമക്കേട് നടത്തി.

വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്. അഴിമതി കാണിച്ചവരാരും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മരാമത്ത് പണിയുടെ ബില്‍ തയ്യാറാക്കുമ്പോള്‍ കൈക്കൂലി വാങ്ങി. പണി പൂര്‍ത്തിയാകാതെ ബില്‍ പാസാക്കാനും കൈക്കൂലി. എസ്റ്റിമേറ്റ് പുതുക്കിയും പെരുപ്പിച്ച് കാണിച്ചും ക്രമക്കേട് നടന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പി.ഡബ്ല്യൂ.ഡി ടാര്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ വസ്തുക്കള്‍ മറിച്ചുവിറ്റു. ഉദ്യോഗസ്ഥലമാറ്റത്തിനും പോസ്റ്റിങ്ങിനും കൈക്കൂലി വാങ്ങി തുടങ്ങിയവയാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ അഴിമതി ആരോപണങ്ങള്‍. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ അഴിമതിയും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ടെന്ന്് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ കിറ്റ് കോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും നിമസഭയില്‍ പറഞ്ഞു. മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്‌കോ അത് വേണ്ടവിധം ചെയ്തില്ലെന്നും പാലത്തിന്റെ ഡിസൈനിലും നിര്‍മാണത്തിലും മേല്‍നോട്ടത്തിലും അപാകതയുണ്ടായിയെന്നും സുധാകരന്‍ വ്യക്തമാക്കി. കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മാണങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.