പിണറായി പറഞ്ഞത് തെറ്റ്; ഷംസീറിന്റെ പേര് പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് സിഒടി നസീര്‍

single-img
11 June 2019

വടകര ലോക്‌സഭാ മണ്ഡലത്തില്‍നിന്നു മത്സരിച്ച സിപിഎം വിമതന്‍ സി.ഒ.ടി. നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റു ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ചു കേള്‍പ്പിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ആക്രമിച്ച ആരുടേയും പേര് നസീര്‍ പറഞ്ഞിരുന്നില്ല. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ തലശ്ശേരി എംഎല്‍എയ്‌ക്കെതിരെ നസീറിന്റെ മൊഴിയുണ്ടെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പാറയ്ക്കല്‍ അബ്ദുള്ള സഭയെ അറിയിച്ചു.

അതേസമയം, കേസില്‍ എഎന്‍ ഷംസീറിന്റെ പേരില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് സിഒടി നസീറും പറഞ്ഞു. വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണ്. അവര്‍ ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും സംഭവത്തില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ പങ്കും വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും സിഒടി നസീര്‍ പറഞ്ഞു.

ആശയഭിന്നതയുള്ളവരെ ആക്രമിച്ച് കീഴടക്കുന്നതാണ് രീതി. മൊഴി രേഖപ്പെടുത്തിയപ്പോഴെല്ലാം ഗൂഢാലോചനയെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. തലശേരി സിഐ വിശ്വംഭരന്‍ വീട്ടില്‍ വന്നാണ് മൊഴിയെടുത്തത്. തലേശരി എംഎല്‍എ എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയ കാര്യവും വ്യക്തമാക്കിയിട്ടുണ്ടെന്ന് സിഒടി നസീര്‍ പറയുന്നു. എന്നാല്‍ അത് പൊലീസ് എന്തുകൊണ്ടാണ് പുറത്ത് പറയാത്തതെന്നും സിഒടി നസീര്‍ ചോദിക്കുന്നു.