മരുമകളുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍; അമ്മയെയും മകനെയും നാട്ടുകാര്‍ തല്ലിക്കൊന്നു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

single-img
11 June 2019

മരുമകളെയും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും കൊലപ്പെടുത്തിയെന്ന സംശയത്തില്‍ അമ്മയെയും മകനെയും നാട്ടുകാര്‍ തല്ലിക്കൊന്നു. അസമിലെ തന്‍സുകിയ ജില്ലയിലെ ഷ്യൂപ്പൂര്‍ ടീ എസ്റ്റേറ്റിലാണ് സംഭവം നടന്നത്. പ്രദേശവാസികളായ ജമുന തന്തിയെയും മകന്‍ അജയ് തന്തിയെയുമാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്.

പൊലീസിന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു പ്രദേശവാസികള്‍ കുട്ടം ചേര്‍ന്ന് ഇരുവരെയും ആക്രമിച്ചത്. ജമുന തന്തിയുടെ മകന്‍ അജയുടെ ഭാര്യ രാധാ തന്തിയെയും രണ്ടുമാസം മാത്രം പ്രായമുള്ള മകളെയും കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ കാണാതാവുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ വെള്ളിയാഴ്ച്ചയോടെ യുവതിയുടെ മൃതദേഹം ഇവരുടെ വീടനടുത്തുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെത്തി. എന്നാല്‍ കുഞ്ഞിനെ കണ്ടെത്താനായില്ല.

ഇതോടെയാണ് രോഷം പൂണ്ട പ്രദേശവാസികള്‍ വടി കൊണ്ടും മറ്റും ഇരുവരെയും അടിച്ച് കൊലപ്പെടുത്തിയത്. ജമുന തന്തി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ വച്ച് ചികിത്സയിലായിരിക്കെയാണ് അജയ് മരിച്ചത്.

ഇരുവരെയും നാട്ടുകാര്‍ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം കൊല്ലപ്പെട്ട അജയും ഭാര്യയും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും പലപ്പോഴും ഇയാള്‍ ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.