ജയിലിൽ പ്രവേശിച്ചപ്പോൾ ഞാൻ തുടർച്ചയായി കരയുകയായിരുന്നു: വിദേശിയായി മുദ്രകുത്തി തടവിലാക്കപ്പെട്ട മുൻ സൈനികൻ സനാവുള്ള

single-img
11 June 2019

ജയിലിന്റെ ഗേറ്റ് കടക്കുമ്പോൾ താൻ തുടർച്ചയായി കരയുകയായിരുന്നുവെന്ന് അസമിൽ വിദേശിയെന്ന് മുദ്രകുത്തി തടവിലാക്കപ്പെട്ട മുൻ സൈനികൻ മൊഹമ്മദ് സനാവുള്ള. ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സനാവുള്ള ത്നിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ പങ്കുവെച്ചത്.

“ ജയിലിന്റെ കവാടം കടക്കുമ്പോൾ ഞാൻ തുടർച്ചയായി കരയുകയായിരുന്നു. മുപ്പതുവർഷം എന്റെ മാതൃരാജ്യത്തെ സേവിച്ച ഞാൻ എന്ത് പാപമാണ് ചെയ്തതെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. കുപ്വാരയിലെ എൽഒസിയിലടക്കം സേവനമനുഷ്ടിച്ചിട്ടുള്ള എന്നെ വിദേശിയാക്കി ജയിലിലടയ്ക്കാൻ മാത്രം എന്തു തെറ്റായിരുന്നു ഞാൻ ചെയ്തത്.” സനാവുള്ള ചോദിക്കുന്നു.

ഇന്ത്യൻ കരസേനയിൽ നിന്നും സുബേദാർ ആയി വിരമിച്ച മൊഹമ്മദ് സനാവുള്ളയെ ഇക്കഴിഞ്ഞ മേയ് 29-ന്
അനധികൃത കുടിയേറ്റക്കാരനായ വിദേശിയെന്ന് മുദ്രകുത്തി ജയിലിലടച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. അസമിലെ ഗോല്പാരയിലുള്ള തടവറയിലായിരുന്ന സനാവുള്ളയ്ക്ക് ജൂൺ 8-ആം തീയതിയാണ് ഗുവാഹത്തി ഹൈക്കോടതിയിൽനിന്നും ഇടക്കാല ജാമ്യം ലഭിച്ചത്.

മൊഹമ്മദ് സനാവുള്ള | ചിത്രം: IANS

“ഞാൻ മുപ്പത് വർഷം കരസേനയിൽ സേവനമനുഷ്ടിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ജമ്മു കശ്മീർ,ആന്ധ്രാപ്രദേശ്, അസം, മണിപ്പൂർ എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളിൽ ഞാൻ ജോലി നോക്കിയിട്ടുണ്ട്. അതിർത്തിയിൽ ധീരതയോടെ എന്റെ രാജ്യം കാത്തിട്ടുണ്ട്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ഞാൻ ഒരു ഇന്ത്യാക്കാരനാണ്. എന്റെ കാര്യത്തിൽ നീതി നടപ്പാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.” സനാവുള്ള പറയുന്നു.

കരസേനയിലെ ഇലക്ട്രോണിക്സ് & മെക്കാനിക്കൽ എഞ്ചിനീയേഴ്സ് കോർപ്സിൽ സേവനമനുഷ്ടിച്ചിരുന്ന സനാവുള്ള 2017 ഓഗസ്റ്റ് മാസത്തിലാണ് വിരമിച്ചത്. 1987- മുതൽ കരസേനയിൽ സേവനമനുഷ്ടിച്ചിരുന്ന സനാവുള്ളയ്ക്ക് 2014-ൽ നായിബ് സുബേദാർ റാങ്കിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് രാഷ്ട്രപതിയുടെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു.

വിരമിച്ചതിനു ശേഷം സനാവുള്ള അസം പൊലീസിന്റെ ബോർഡർ വിംഗിൽ സബ് ഇൻസ്പെക്ടർ ആയി ജോലിയിൽ പ്രവേശിച്ചു. എന്നാൽ 2009-ൽ സനാവുള്ള അനധികൃതമായി കുടിയേറിയ വിദേശിയാണെന്ന് സംശയിക്കുന്നതായി കാണിച്ച് ബോർഡർ വിംഗ് അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിക്കുകയും ഒരു റഫറൻസ് കേസ് അദ്ദേഹത്തിന്റെ പേരിൽ ‘ഫോറിനേഴ്സ് ട്രൈബ്യൂണലി’ൽ ഫയൽ ചെയ്യുകയും ചെയ്തു. അന്നുമുതൽ നടത്തിവന്ന നിയമ പോരാട്ടത്തിൽ ഇക്കഴിഞ്ഞ മേയ് 23-ന് ഫോറിനേഴ്സ് ട്രൈബ്യൂണലിൽ നിന്നും അദ്ദേഹത്തിനെതിരായി വിധിയുണ്ടാകുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഗോല്പാര ജില്ലയിലെ തടവറയിലേയ്ക്ക് മാറ്റുകയായിരുന്നു.

1946-ലെ ‘വിദേശി നിയമ’പ്രകാരം (Foreigner’s Act ) പ്രകാരം ഒരാൾ വിദേശിയാണോ അല്ലയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഫോറിനേഴ്സ് ട്രൈബ്യൂണൽ എന്ന ജുഡിഷ്യറിയ്ക്ക് സമാനമായ സംവിധാനത്തിനാണ്. അസമിൽ നൂറോളം ഫോറിനേഴ്സ് ട്രൈബ്യൂണലുകളുണ്ട്.

“മേയ് 28-നു വൈകുന്നേരം നോർത്ത് ഗുവാഹത്തി പോലീസ് സ്റ്റേഷനിൽ നിന്നും ഡിഎസ്പി എന്നെ വിളിപ്പിച്ചു. നിയമനടപടിയുടെ ഭാഗമായി എന്നെ തടവിലാക്കുന്നതുമായി ബന്ധപ്പെട്ടാകുമെന്ന് എനിക്ക് ഒരു ധാരണയുണ്ടായിരുന്നു. സ്റ്റേഷനിൽ എന്നെ രാത്രി മുഴുവൻ ഇരുത്തി. ഉറങ്ങാൻ പ്പൊലും സ്ഥലമുണ്ടായിരുന്നില്ല. പിറ്റേന്ന് വൈകുന്നേരം ഏഴുമണിയായപ്പോഴേയ്ക്കും എന്നെ ഗോൽപ്പാരയിലുള്ള തടവറയിലേയ്ക്ക് കൊണ്ടുപോയി. എന്നെ ഇട്ടിരുന്ന സെല്ലിൽ ഏകദേശം 40 പേരുണ്ടായിരുന്നു. അവർ എനിക്ക് രണ്ട് ബ്ലാങ്കറ്റുകളും ഒരു കൊതുകുവലയും ഒരു പ്ലേറ്റും ഗ്ലാസും നൽകി.” സനാവുള്ള തന്റെ അനുഭവം വിവരിക്കുന്നു.

അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിക്കപ്പെടുന്നവരെ തടവിലിടാൻ ഇത്തരം ആറു തടവറകളാണ് അസമിൽ ഉള്ളത്. ഗോല്പാര, കൊക്രഝാർ, തേജ്പൂർ, ജൊർഹാത്, ദിൽബുർഗ, സിൽചാർ എന്നിങ്ങനെ ആറു ജയിലുകളിലായുള്ള തടവറകളിൽ 1000 ത്തിലധികം “അനധികൃത വിദേശി”കളാണ് തടവിലുള്ളത്. അവിടെക്കഴിയുന്നവരിൽ നിരവധി പേർ തങ്ങളെ വിദേശികളാക്കിയ ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ വിധിയ്ക്കെതിരെ കോടതിയിൽ അപ്പീൽ നൽകിയിട്ടുമുണ്ട്.

“സഹതടവുകാരുമായി സംസാരിച്ചപ്പോഴാണ് എന്റെ ഹൃദയം തകർന്നു പോയത്. സ്കൂളിൽപ്പോലും പോയിട്ടില്ലാത്ത വളരെ പാവപ്പെട്ടവരായിരുന്നു അവരിൽ ഭൂരിപക്ഷവും. ചിലരൊക്കെ എട്ടും ഒൻപതും വർഷമായി തടവിൽക്കഴിയുന്നവരാണ്. നൽബാരി ജില്ലയിൽ നിന്നുമുള്ള ഒരു 65 വയസുകാരൻ കഴിഞ്ഞ ഒൻപതു വർഷമായി തടവറയിലാണ്. പേരിന്റെ സ്പെല്ലിംഗിൽ വന്ന വ്യത്യാസം മൂലമോ ചില രേഖകളിൽ വയസ് രേഖപ്പെടുത്തിയതിൽ വന്ന തെറ്റു മൂലമോ ഒക്കെയാണ് ഭൂരിപക്ഷവും ‘വിദേശി’കളായി പ്രഖ്യാപിക്കപ്പെട്ടത്.” സനാവുള്ള പറയുന്നു.

ഇവരിൽ പലരുടെയും കുടുംബക്കാർക്കോ ബന്ധുക്കൾക്കോ ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ വിധിയെ ഹൈക്കോടതിയിൽ നേരിടാനുള്ള സാമ്പത്തികം ഇല്ല. ദൂരെയുള്ള ജില്ലകളിൽ നിന്നും ഗോൽപ്പാരയിലെ ജയിലിൽ വരാനുള്ള പണമില്ലാത്തതിനാൽ പലരുടെയും ബന്ധുക്കൾ അവരെയൊക്കെ സന്ദർശിക്കുന്നുപോലുമില്ല. വിദേശികളായി മുദ്രകുത്തപ്പെട്ട പതിനെട്ടിനും മുപ്പതിനുമിടയ്ല് പ്രായമുള്ള യുവാക്കളെപ്പോലും താൻ ജയിലിൽ കണ്ടുവെന്നും എന്നാൽ അവരുടേയൊക്കെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം ഇന്ത്യൻ പൌരന്മാരായി തുടരുന്നുണ്ടെന്നും സനാവുള്ള പറയുന്നു.

രണ്ടുപേരുടെ ആൾജാമ്യത്തിന്മേലും 20,000 രൂപയുടെ ബോണ്ടിന്മേലുമാണ് സനാവുള്ളയ്ക്ക് ജാമ്യം അനുവദിച്ചത്. സനാവുള്ളയുടെ ബയോമെട്രിക് വിവരങ്ങൾ- ഐറിസ്, വിരലടയാളം മുതലായവ , ഫോട്ടോ എന്നിവ ശേഖരിക്കണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. കാമരൂപ് ജില്ലയുടെ അതിർത്തി വിട്ടുപോകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

സനാവുള്ളയെ വിദേശിയാക്കിയ ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോഡ്യം ചെയ്തുകൊണ്ടുള്ള ഹർജ്ജിയിന്മേൽ കേന്ദ്ര സർക്കാർ, അസം സംസ്ഥാന സർക്കാർ, എൻആർസി അധികാരികൾ, കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കൂടാതെ മുൻ അസം പൊലീസ് ഉദ്യോഗസ്ഥനായ ചന്ദ്രമാൽ ദാസിനും ഗുവാഹത്തി ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു.

ചന്ദ്രമാൽ ദാസ് നൽകിയ ഒരു അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സനാവുള്ളയ്ക്കെതിരെ കേസെടുത്തത്. 2008-09 കാലഘട്ടത്തിൽ അസം പൊലീസിന്റെ ബോർഡർ വിംഗിൽ ദാസ് സബ് ഇൻസ്പെക്ടർ ആയിരുന്നു. എന്നാൽ ആ റിപ്പോർട്ടിൽ സാക്ഷികളായി പരാമർശിക്കപ്പെടുന്ന അംജദ് അലി, കുറാൻ അലി, മൊഹമ്മദ് സൊബാഹൻ അലി എന്നിവർ തങ്ങളുടെ മൊഴി വ്യാജമായി രേഖപ്പെടുത്തിയതിന് ചന്ദ്രമാൽ ദാസിനെതിരെ കേസുകൊടുത്തിട്ടുണ്ട്.

സനാവുള്ളയുടെ സ്വദേശമായ കാമരൂപ് ജില്ലയിലെ കലഹികാഷ് ഗ്രാമത്തിൽ നിന്നു തന്നെയുള്ള മൂവരുടേയും മൊഴികൾ ചന്ദ്രമൽ ദാസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ മൊഴികൾ വ്യാജമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. സനാവുള്ളയുടേതെന്ന രീതിയിൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുറ്റസമ്മത മൊഴിയും വ്യാജമായി നിർമ്മിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അഭിഹാഷകരും കുടുംബാംഗങ്ങളും പറയുന്നത്.

“ആ അന്വേഷണ റിപ്പോർട്ട് പൂർണ്ണമായും കെട്ടിച്ചമച്ചതാണ്. ഞാൻ ചന്ദ്രമാൽ ദാസ് എന്ന ഉദ്യോഗസ്ഥനെ കണ്ടിട്ടുപോലുമില്ല. എന്നെ അദ്ദേഹം ചോദ്യം ചെയ്തുവെന്ന് പറയപ്പെടുന്ന കാലത്ത് ഞാൻ മണിപ്പൂരിൽ ‘ഓപ്പറേഷൻ ഹിഫാസത്ത്’ എന്ന തീവ്രവാദവിരുദ്ധ ഓപ്പറേഷനിൽ ഡ്യൂട്ടി ചെയ്യുകയായിരുന്നു.” സനാവുള്ള പറയുന്നു.

Courtesy: Indian Express