ഗുരുതര ആരോപണവുമായി മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്; ‘സര്‍ക്കാര്‍ ‘ജിഡിപി’യില്‍ പെരുപ്പിച്ച കണക്കുകളാണ് നല്‍കിയത്’

single-img
11 June 2019

എന്‍ഡിഎ, യുപിഎ സര്‍ക്കാരുകള്‍ ജിഡിപി വളര്‍ച്ച പെരുപ്പിച്ച് കാണിച്ചുവെന്ന് പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പരാമര്‍ശമുള്ളത്. 2014 മുതല്‍ 2018 വരെയുള്ള കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്‍.

2011-12, 2016-17 സാമ്പത്തിക വര്‍ഷങ്ങളില്‍ ശരാശരി വാര്‍ഷിക വളര്‍ച്ച 4.5 ശതമാനമായിരുന്നു. എന്നാല്‍, ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് സര്‍ക്കാരുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടതെന്ന് തന്റെ ഗവേഷണ പ്രബന്ധത്തെ മുന്‍നിര്‍ത്തി അദ്ദേഹം ആരോപിച്ചു.

തെറ്റായ സ്പീഡോമീറ്റര്‍ ഉപയോഗിക്കുന്ന വാഹനം പോലെയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറയുന്നു. ജിഡിപി വളര്‍ച്ച പെരുപ്പിച്ച് കാണിച്ചതിന്റെ ഫലമായാണ് അതിന് ആനുപാതികമായി തൊഴില്‍ മേഖലയില്‍ വളര്‍ച്ച ഉണ്ടാകാത്തത്.

സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന സമ്മര്‍ദ്ദവും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട കണക്കുകളില്‍ നിരന്തരം സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ഗവേഷണങ്ങള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചതെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയുടെ യഥാര്‍ഥ ജിഡിപി വളര്‍ച്ച 4.5 ശതമാനം മാത്രമാണെന്നും എത്രയും പെട്ടെന്ന് ബാങ്കിങ് മേഖലയില്‍ ഇടപെട്ടില്ലെങ്കില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂടുമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ മുന്നറിയിപ്പ് നല്‍കി. ദേശീയ അന്തര്‍ദേശീയ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് ജിഡിപി വളര്‍ച്ച കണക്കാക്കിക്കണമെന്നും അദ്ദഹം ആവശ്യപ്പെടുന്നു.

ജിഡിപി പെരുപ്പിച്ച് കാണിക്കല്‍ നടത്തിയത് ടെക്‌നോക്രാറ്റുകളാണ്. ഈ ശ്രമം കൂടുതലും നടന്നത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു. അതിദ്രുതം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന് തോന്നിക്കുന്ന രീതിയില്‍ ജിഡിപി വളര്‍ച്ച കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയതിനാലാണ് ഇത്രയധികം വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.

ഇത്തരമൊരു മാറ്റം വരുത്തിയതിനാലാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജിഡിപി വളര്‍ച്ചയില്‍ കുതിച്ചുചാട്ടമുണ്ടായതെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു. അതേസമയം, രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയല്ല ജിഡിപി പെരുപ്പിച്ചതെന്നും ‘രീതിശാസ്ത്രപരമായ മാറ്റ’മായിട്ടാണ് (methodological change)തെറ്റായ കണക്കുകള്‍ പുറത്തുവിടുന്നതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. രാഷ്ട്രീയ നേതൃത്വങ്ങളില്‍നിന്നല്ല ഈ പ്രവണതയുണ്ടാകുന്നത്. സമീപകാലത്തെ വിവാദങ്ങളുമായി തന്റെ പ്രസ്താവനക്ക് ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു.