ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥ: കലാപ ഭീതിയില്‍ ബംഗാള്‍

single-img
11 June 2019

പൊതുതിരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ പൊട്ടിപ്പുറപ്പെട്ട ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം തുടര്‍ക്കഥയാകുന്നു. തിങ്കളാഴ്ച ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഹൗറയിലെ സര്‍പോത ഗ്രാമത്തിലാണ് സമതുല്‍ ഡോളു എന്ന ബിജെപി പ്രവര്‍ത്തകനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ജയ് ശ്രീറാം വിളിച്ച് പ്രവര്‍ത്തിച്ചതിന് തൃണമൂല്‍ ഇയാളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് ബിജെപി പ്രവര്‍ത്തകരും സമതുലിന്റെ കുടുംബവും പറയുന്നത്. ബി ജെ പിയുടെ സജീവപ്രവര്‍ത്തകനായിരുന്നു സമതുള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ബൂത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

പ്രദേശത്തു നടന്ന ജയ് ശ്രീ റാം റാലിയില്‍ പങ്കെടുത്തതിനു പിന്നാലെ സമുതുളിന് വധഭീഷണിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനു പിന്നാലെ സമതുളിന്റെ വീട് ഒരു സംഘമാളുകള്‍ തല്ലിത്തകര്‍ത്തിരുന്നു. ബിജെപിയുടെ ഹൗറ(റൂറല്‍) അധ്യക്ഷന്‍ അനുപം മല്ലിക്ക് പറഞ്ഞു.

ഞായറാഴ്ച അറ്റ്ചാതാ ഗ്രാമത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ജയ് ശ്രീറാം റാലികളില്‍ പങ്കെടുത്ത സ്വദേശ് മന്നയെ തൃണമൂല്‍ കൊലപ്പെടുത്തിയതെന്നാണ് ബിജെപി പറയുന്നത്.

2018 ല്‍ പുരുലിയ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് നടന്ന സമയത്തും ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ കൊന്ന് കെട്ടിത്തൂക്കിയിട്ടുണ്ടെന്നും എന്നാല്‍ അന്ന് അവരുടെ ശരീരത്തില്‍ കണ്ടപോലെ തൃണമൂലിന്റെ പോസ്റ്ററുകള്‍ ഇവിടെ ഇല്ലെന്നുള്ളതാണ് ഏകവ്യത്യാസമെന്നും അനുപം മല്ലിക് പറഞ്ഞു.

എന്നാല്‍ ബിജെപിയുടെ ആരോപണത്തെ തൃണമൂല്‍ നിഷേധിച്ചു. ഇവരുടെ മരണവുമായി തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് ബന്ധമില്ലെന്നും ബിജെപി തങ്ങളെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് തൃണമൂല്‍ എംഎല്‍എ പുലക് റോയ് പ്രതികരിച്ചത്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ ബംഗാള്‍ ഗവര്‍ണര്‍ ഇന്നലെ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടിരുന്നു.