109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനവും തുണയായില്ല; കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ മരിച്ചു

single-img
11 June 2019

പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ മരിച്ചു. അഞ്ചുദിവസത്തോളം കുഴല്‍കിണറില്‍ കുടുങ്ങിക്കിടന്നതിന് ശേഷം ഇന്ന് രാവിലെയാണ് കുട്ടിയെ പുറത്തെടുക്കാന്‍ സാധിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഫത്തേഹ്വീര്‍ സിങ് എന്ന ബാലനാണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറില്‍ ബാലന്‍ വീണത്. തുണികൊണ്ട് മൂടിയ കുഴല്‍ക്കിണറില്‍ കുട്ടി വീഴുകയായിരുന്നു. അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തിങ്കളാഴ്ചയായിരുന്നു കുട്ടിയുടെ രണ്ടാം പിറന്നാള്‍. കുഴല്‍ക്കിണറില്‍ വീണ കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചിരുന്നില്ല. ഓക്‌സിജന്‍ മാത്രമാണ് നല്‍കിയിരുന്നത്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് കുട്ടിയെ രക്ഷിച്ചത്.

നാലുദിവസം കഴിഞ്ഞിട്ടും കുട്ടിയെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ പ്രകോപിതരായ ജനനക്കൂട്ടം റോഡുപരോധം ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ 24 മണിക്കൂറിനുള്ളില്‍ തുറന്നുകിടക്കുന്ന മുഴുവന്‍ കുഴല്‍ കിണറുകളും അടയ്ക്കണമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീനന്ദര്‍ സിങ് ഉത്തരവിട്ടിട്ടുണ്ട്.