‘ഗുഡ്‌ബൈ’: വാര്‍ത്താ സമ്മേളനം വിളിച്ച് യുവരാജ് സിംഗിന്റെ പ്രഖ്യാപനം

single-img
10 June 2019

യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ചു. മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒന്നര ദശാബ്ദത്തിലധികം ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ യഥാര്‍ഥ ഓള്‍റൗണ്ടറാണ് ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു കളമൊഴിയുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും.

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. 304 ഏകദിനങ്ങളില്‍നിന്ന് 36.55 റണ്‍ ശരാശരിയില്‍ 8701 റണ്‍സാണ് സമ്പാദ്യം. 14 സെഞ്ചുറികളും 52 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 150 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2007ലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്‌സറിന് പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച യുവി 2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാന്‍സര്‍ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി.

2017 ജൂണിലാണ് താരം അവസാനമായി ഇന്ത്യന്‍ ടീമില്‍ ഏകദിനം കളിച്ചത്. ജൂണ്‍ 30 ന് വിന്‍ഡീസിനെതിരെയായിരുന്നു അത്. അവസാന ടി20യും അതേ വര്‍ഷം തന്നെയാണ് 2017 ഫെബ്രുവരി 1 ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു മത്സരം. അവസാന ടെസ്റ്റ് 2010 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെയും.

ഐപിഎല്ലില്‍ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി പാഡണിഞ്ഞ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പാഡഴിക്കുന്ന യുവിയെ കാനഡയിലെ ജി ടി20, യൂറോ ടി20 ടൂര്‍ണമെന്റുകളില്‍ ആരാധകര്‍ക്ക് തുടര്‍ന്നും കാണാനാകും. ഇതിനായി യുവരാജ് ബിസിസിഐയുടെ അനുമതി തേടിയിരുന്നു.