സൈനിക ജനറലിനെ കയ്യും തലയും വെട്ടി കൊലയാളി മത്സ്യത്തിന് ഇട്ടുകൊടുത്ത് കിമ്മിന്റെ ക്രൂരത

single-img
10 June 2019

തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് മുതിര്‍ന്ന സൈനിക ജനറലിന് ശിക്ഷനല്‍കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. സൈനിക ജനറലിനെ കൈയ്യും തലയും വെട്ടിമാറ്റി നരഭോജി മത്സ്യമായ പിരാനയ്ക്കിട്ടു കൊടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനായി ബ്രസീലില്‍നിന്നും പ്രത്യേകം കൊണ്ടുവന്ന പിരാന മത്സ്യങ്ങളെ ടാങ്കിലിട്ട് വളര്‍ത്തിയിരുന്നു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ വിവരം ഇനിയും ലഭ്യമായിട്ടില്ല. പിരാനകളുടെ ആക്രമണത്തെത്തുടര്‍ന്നാണോ അതോ കൊലപ്പെടുത്തിയ ശേഷം പിരാനകള്‍ക്ക് ഇട്ടുകൊടുത്തതാണോയെന്ന കാര്യത്തിലും വ്യക്തതയില്ല.

1967 ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം ‘യു ഓണ്‍ലി ലിവ് ടൈ്വസ്’ എന്ന ചിത്രത്തില്‍ നിന്നാണ് വധശിക്ഷ നടപ്പാക്കുന്നതിന് കിം പ്രചോദമുള്‍ക്കൊണ്ടതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും അപകടകാരികളായ മത്സ്യങ്ങളാണ് പിരാനകള്‍.

കൂര്‍ത്ത പല്ലുകളുള്ള ഇവ വലിയ ജീവികളെ വരെ ആക്രമിക്കും. കൂട്ടമായിട്ടാണ് ആക്രമണം. ഇവയുടെ കൈയ്യിലകപ്പെട്ടാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തിന്നുതീര്‍ക്കും. ശുദ്ധജല മല്‍സ്യമായ പിരാനകള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ നദികളിലാണ് കൂടുതല്‍ കാണപ്പെടുന്നത്.

കിമ്മിന്റെ യോങ്‌സോങ്ങിലെ വീട്ടിലാണ് പിരാനകളെ വളര്‍ത്തുന്നത്. നേരത്തെ, തന്റെ അധികാരം കൈക്കലാക്കാന്‍ ശ്രമിക്കുന്ന അമ്മാവന്മാരെ കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

കിം ജോങ് ഉന്‍ ഉത്തരകൊറിയന്‍ ഭരണാധികാരിയായതിനു ശേഷം 16 ഉന്നത ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. യുഎസുമായുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കിമ്മിനു നാണക്കേടുണ്ടായെന്നാരോപിച്ചായിരുന്നു കൊലപാതകം.