അഴിമതി പൂർണ്ണമായി തുടച്ചുനീക്കാൻ കഴിഞ്ഞു; പൊതുവിദ്യാലയങ്ങളിൽ സമഗ്രമാറ്റം കൊണ്ടുവന്നു; ഇടതുമുന്നണി സർക്കാർ മൂന്ന് വർഷ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

single-img
10 June 2019

ജീർണത നിലനിന്ന കാലത്തുനിന്ന് കേരളം പുരോഗതിയിലേക്ക് നീങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി സർക്കാരിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹ്യനീതി അടിസ്ഥാനമാക്കിയുള്ള വിസകനമാണ് സർക്കാർ ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ 2016 തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തുണ്ടായിരുന്ന അവസ്ഥ പരിഗണിക്കേണ്ടതുണ്ട്. യുഡിഎഫ്ഭരിച്ചപ്പോൾ ഉള്ള നാടിന്റെ അവസ്ഥയും ജീര്ണതയും ആരും മറക്കാനിടയില്ല. നമ്മൾ കേരളീയരാണ് എന്ന് പറയാൻ തന്നെ മടിച്ചിരുന്ന കാലമായിരുന്നു അത്. കേരളത്തിന്റെ പ്രതീകങ്ങളായ കാര്യങ്ങളെപ്പറ്റി മാധ്യമങ്ങളിൽ വന്ന വാർത്തകൾ അവമതിപ്പുണ്ടാക്കുന്നവയായിരുന്നു.

ജീർണത എന്ന വാക്കിന്റെ പ്രതീകമായിരുന്നരാണ് ഇപ്പോൾ ഇടത് മുന്നണി സർക്കാരിനെ ചോദ്യം ചെയ്യുന്നത്. ഇപ്പോൾ അഴിമതി ഇല്ലാത്ത നാടായി കേരളം പുറത്ത് അറിയപ്പെടുന്നു. കേരളം ഒരുപാട് മാറി. ഒരു നാട് എന്ന് നിലക്ക് നേടിയ നേട്ടങ്ങളാണ് ഇതെല്ലാം. ഇടത് സർക്കാരിനെപ്പറ്റി നാടിന് അവമതിപ്പുണ്ടാക്കുന്നതൊന്നും ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് ഏറ്റവും വലിയ നേട്ടം. അഴിമതിക്കാരായ ആളുകൾ സംരക്ഷിക്കപ്പെടില്ല എന്നൊരു പൊതുനില വന്നിട്ടുണ്ട്.

അഴിമതിക്കരായവർ തലപ്പത്തിരുന്നാൽ അഴിമതി നടക്കും. എന്നാൽ ഇന്ന് അഴിമതി പൂർണ്ണമായി തുടച്ചുനീക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് ഒരു ചെറിയ കാര്യമല്ല. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റം രാജ്യത്താകെ ശ്രദ്ധിക്കുന്നതാണ്. ഏകദേശം1,47,000 കുട്ടികളാണ് ഈ വർഷം പുതിയതായി പൊതുവിദ്യാലയങ്ങളിൽ ചേർന്നത്. ഇത് തന്നെയായിരുന്നു നമ്മൾ ലക്ഷ്യംവച്ച മാറ്റം. ഭാവിയിൽ ഇനിയും കൂടുതൽ മികവിലേക്ക് നാം ഉയരേണ്ടതായിട്ടുണ്ട്.

അതേപോലെ ആരോഗ്യ രംഗത്തും വന്നിട്ടുള്ള മാറ്റം പ്രകടമാണ്. സർക്കാർ പദ്ധതിയായ ആർദ്രം മിഷനിലൂടെ വന്നിട്ടുള്ള മാറ്റം. കാത്ത് ലാബ് സൗകര്യങ്ങൾ, മെഡിക്കൽ കോളേജുകൾ എന്നിവയിലൊക്കെ നല്ല മാറ്റം സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞു. ശബരിമലയിലാകട്ടെ എയർ പോർട്ടിനുള്ള റിപ്പോർട്ട് തയ്യാറായി. ഇനിയുള്ള നടപടിക്രമങ്ങളിലേക്ക് ഉടൻ തന്നെ കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.