അംബേദ്‌ക്കര്‍ക്ക് ആദരം; അമേരിക്കയില്‍ അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ സ്ഥാപിക്കുന്നു

single-img
10 June 2019

ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. അംബേദ്ക്കര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും വിദ്യാഭാസത്തിനും നല്‍കിയ സംഭാവനകളെ ബഹുമാനിച്ചു കൊണ്ട് അമേരിക്കയില്‍ ആദ്യത്തെ അംബേദ്ക്കര്‍ ഭവന്‍ സ്ഥാപിക്കുന്നു. അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ എന്നായിരിക്കും ഇതിന്റെ പേര്. യുഎസിലെ കൊളംബിയ സര്‍വകലാശാലയില്‍ നിന്നാണ് ഡോ. ബി.ആര്‍ അംബേദ്ക്കര്‍ ഡബിള്‍ മാസ്‌റ്റേര്‍സ് ഡിഗ്രിയും ഡോക്ടറേറ്റും നേടിയത്. ഇതോടൊപ്പം ബുദ്ധ സംഘടനയായ സംഗകായ ഫൗണ്ടേഷന്‍ 80 അടി ഉയരമുള്ള അംബേദ്ക്കര്‍ പ്രതിമയും ഭവനില്‍ സ്ഥാപിക്കും. 2021ല്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന സെന്റർ അംബേദ്ക്കറുടെ 130ാം ജന്മദിന വാര്‍ഷികത്തിന് ഉദ്ഘാടനം ചെയ്യും.

Support Evartha to Save Independent journalism

ഇംഗ്ലണ്ടിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സിലും അംബേദ്ക്കര്‍ പഠിച്ചിരുന്നു. അവിടെ അദ്ദേഹം താമസിച്ചിരുന്ന വീട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പക്ഷെ യുഎസിൽ അദ്ദേഹം താമസിച്ചിരുന്ന വീട് ഇപ്പോള്‍ ഒരു ഹോട്ടലാണ്. നിലവിൽ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന ഒന്നും അമേരിക്കയില്‍ ഇല്ലെന്ന് സംഗകായ ഫൗണ്ടേഷന്റെ ബാന്തെ പ്രശീല്‍രത്‌ന പറഞ്ഞു.

ഏകദേശം 15 കോടിയോളം രൂപ മുടക്കിയാണ് സെന്ററിന്റെ നിര്‍മ്മാണം. 11000ഓളം എണ്ണം അംബേദ്ക്കറുടെ രണ്ടടി പ്രതിമകള്‍ വില്‍പ്പന നടത്തികൊണ്ടാണ് ഈ തുക കണ്ടെത്തിയത്. സെന്ററിന് പുറമേ ശ്രീലങ്കയില്‍ അംബേദ്ക്കര്‍ പഠനകേന്ദ്രം സ്ഥാപിക്കാനും ആലോചിക്കുന്നുണ്ടെന്നും സംഗകായ ഫൗണ്ടേഷന്‍ പറഞ്ഞു.