റിയാദില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി; പ്രവാസി യാത്രക്കാര്‍ പ്രതിസന്ധിയിലായി

single-img
10 June 2019

സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള എയര്‍ ഇന്ത്യ വിമാനം മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഇന്നലെ ഉച്ചകഴിഞ്ഞ് 3:45 ന് റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയത്.

എയര്‍ ഇന്ത്യയുടെ 924ാം നമ്പര്‍ വിമാനത്തില്‍ ഏറെ വൈകി യാത്രക്കാരെ കയറ്റിയെങ്കിലും പിന്നീട് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിന് തകരാറുണ്ടെന്നാണ് അറിയിച്ചത്. യാത്രക്കാരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി. യാത്ര സംബന്ധിച്ച് അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലാണെന്നും യാത്രക്കാര്‍ പറഞ്ഞു.

യാത്ര മുടങ്ങിയതിനാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇന്ന് നടന്ന കേരള യൂണിവേഴ്‌സിറ്റിയുടെ ബികോം പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. മറ്റൊരാള്‍ക്ക് ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയുമാണ്. ഇന്ന് രാവിലെ 7 മണിക്കുള്ള വിമാനത്തില്‍ ഇവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചെങ്കിലും അതും ഫലം കണ്ടില്ല.

യാത്രക്കാര്‍ക്ക് തങ്ങാന്‍ ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് എപ്പോള്‍ കൊച്ചിയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ ഇതുവരെ യാത്രക്കാരെ അറിയിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.

അതേസമയം ചൊവ്വാഴ്ച വൈകീട്ട് വിമാനം പുറപ്പെടുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. റീ ഷെഡ്യൂളിങ് കാരണമാണ് വിമാനം വൈകിയതെന്നും എയര്‍ ഇന്ത്യ റിയാദ് മാനേജര്‍ പറഞ്ഞു. കഴിഞ്ഞ മാസവും സമാന രീതിയില്‍ എയര്‍ ഇന്ത്യ വിമാനം വൈകിയിരുന്നു.