പാകിസ്താന് ഇരുട്ടടി; കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും

single-img
10 June 2019

ഭീകരസംഘടനകള്‍ക്കെതിരായി പാകിസ്താന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് ഏഷ്യാ പസഫിക് ഗ്രൂപ്പ്. ലഷ്‌കര്‍ ഇ തോയ്ബ, ജെയ്‌ഷെ മുഹമ്മദ്, ദായേഷ്, അല്‍ ഖ്വായ്ദ, ഹഖാനി നെറ്റ്‌വര്‍ക്, താലിബാന്‍ തുടങ്ങി എട്ട് ഭീകരസംഘടനകള്‍ക്കെതിരായി പാകിസ്താന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്നാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ് പാകിസ്താനെ അറിയിച്ചിരിക്കുന്നത്.

കള്ളപ്പണം, തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കല്‍ എന്നിവ തടയാന്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഏഷ്യാ പസഫിക് മേഖലയിലെ പ്രാദേശിക സംഘടനയാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ്. സെപ്റ്റംബറില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്താനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും.

ഇതിനുമുമ്പ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പാകിസ്താന് സാവകാശമുണ്ട്. നടപടികള്‍ ബോധ്യപ്പെടുത്തി തൃപ്തികരമല്ലായെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലേക്ക് നയിക്കും. സാമ്പത്തിക പ്രതിസന്ധിയിലുഴയുന്ന പാകിസ്താന് ഇത് കൂടുതല്‍ പ്രതിസന്ധിയാകും ഉണ്ടാക്കുക.

നിലവില്‍ സംശയ നിഴലില്‍ നില്‍ക്കുന്നതിനാല്‍ പാകിസ്താനെ ഗ്രേ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ ഐഎംഎഫ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട സംവിധാനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയപ്പെടും.