‘ആണാണെങ്കില്‍ രാജ്യത്തോട് മാപ്പുപറ’; ഇന്ത്യയുടെ കളികാണാനെത്തിയ വിജയ് മല്യയെ കൂക്കിവിളിച്ച് ഇന്ത്യക്കാര്‍

single-img
10 June 2019

Support Evartha to Save Independent journalism

രാജ്യത്തെ ബാങ്കുകളില്‍ ശതകോടികളുടെ വായ്പ കുടിശിക വരുത്തിയശേഷം നാടുവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് ഇന്ത്യക്കാരുടെ കൂക്കിവിളി. ലണ്ടനില്‍ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയ മല്യയെ ആള്‍ക്കൂട്ടം ‘കള്ളന്‍’ എന്ന് പറഞ്ഞ് കൂക്കി വിളിച്ചാണ് എതിരേറ്റത്.

ഇതിനിടെ ‘ആണാണെങ്കില്‍ രാജ്യത്തോട് മാപ്പുപറയണം’ എന്നും കൂടിനില്‍ക്കുന്നവരില്‍ ഒരാള്‍ പറയുന്നതും കേള്‍ക്കാം. ലണ്ടനിലെ കെന്നിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരം കാണാനായി മല്യ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ദേശീയ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

സ്റ്റേഡിയത്തിനു പുറത്ത് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ മല്യയോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആളുകളുടെ പ്രതിഷേധം. ഓവല്‍ സ്‌റ്റേഡിയത്തിലെ ഗാലറിയില്‍ മകന്‍ സിദ്ധാര്‍ഥ് മല്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും വിജയ് മല്യ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.