യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു; കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 18 കിലോമീറ്റര്‍

single-img
10 June 2019

ബത്തേരിയില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട RSK 644 നമ്പര്‍ ബസാണ് ശനിയാഴ്ച രാത്രി പത്തോടെ നിറയെ യാത്രക്കാരുമായി മൂവാറ്റുപുഴ മുതല്‍ കൂത്താട്ടുകുളം വരെ കണ്ടക്ടറില്ലാതെ ഓടിയത്. ഇതിടയില്‍ രണ്ടിടങ്ങളില്‍ ആളിറങ്ങാനും പുറപ്പെടാനും ബെല്ലടിച്ചതും ഡബിള്‍ ബെല്ലടിച്ചതും യാത്രക്കാര്‍ തന്നെ.

കൂത്താട്ടുകുളത്ത് എത്തിയിട്ടും കണ്ടക്ടര്‍ ഇല്ലെന്ന വിവരമറിയാതെ ഡ്രൈവര്‍ ബസുമായി യാത്ര തുടരാന്‍ തുടങ്ങിയപ്പോള്‍ ഡിപ്പോ അധികൃതര്‍ ബസ് പിടിച്ചിടുകയായിരുന്നു. നേരത്തെ മൂവാറ്റുപുഴയില്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടര്‍ തിരികെ കയറും മുന്‍പ് യാത്രക്കാരില്‍ ഒരാള്‍ ഡബിള്‍ ബെല്ലടിച്ചതാണ് ബസ് യാത്ര തുടരുന്നതിന് കാരണമായതെന്ന് പറയുന്നു.

നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ കണ്ടക്ടര്‍ ഇല്ലെന്ന വിവരം ഡ്രൈവറും യാത്രക്കാരില്‍ ഭൂരിപക്ഷം പേരും അറിഞ്ഞില്ല. തിരികെ കയറാനെത്തിയ കണ്ടക്ടര്‍ ബസ് കാണാതായതോടെ ഡിപ്പോയില്‍ അറിയിക്കുകയായിരുന്നു. ബസ് കൂത്താട്ടുകുളത്ത് എത്തുന്നതിനു മുന്‍പ് ഇവിടേക്ക് സന്ദേശം എത്തി. മൂവാറ്റുപുഴയില്‍ നിന്ന് കണ്ടക്ടറെ മറ്റൊരു ഡ്രൈവര്‍ ബൈക്കില്‍ കൂത്താട്ടുകുളത്ത് എത്തിച്ചതോടെ വൈകാതെ തന്നെ ബസ് കോട്ടയത്തേക്കു യാത്ര തുടരുകയും ചെയ്തു.