ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിന് മുന്നോടിയായി കോഹ്‌ലിയെ തേടി ആ ബോക്‌സ് എത്തി: കൈമാറിയത് ധോണി: എന്ത് മണ്ടത്തരമാണിതെന്ന് ആരാധകര്‍

single-img
10 June 2019

ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ തേടി ഒരു ബോക്‌സ് എത്തി. മുന്‍ നായകന്‍ എംഎസ് ധോണിയാണ് കോഹ്‌ലിയ്ക്ക് ബോക്‌സ് കൈമാറിയത്. താന്‍ പഠിച്ച സ്‌കൂളായ വിശാല്‍ ഭാരതി പബ്ലിക് സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് കോഹ്‌ലിയ്ക്കായി അയച്ചതായിരുന്നു അത്. അവര്‍ ശേഖരിച്ച ഒരുപിടി മണ്ണായിരുന്നു ആ ബോക്‌സിലുണ്ടായിരുന്നത്. ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രിയേയും മുന്‍ നായകന്‍ ധോണിയേയും അരികില്‍ നിര്‍ത്തിയാണ് കോഹ്‌ലി ബോക്‌സ് തുറന്ന് മണ്ണ് കൈയ്യിലെടുത്തത്.

കോഹ്‌ലി കളിച്ചുവളര്‍ന്ന സ്‌കൂളിലെ മണ്ണ് ഇംഗ്ലണ്ടിലേക്കയക്കാനുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരസ്യ ക്യാമ്പെയ്‌നെതിരേ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ മാസം ഏഴാം തീയതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ട്വീറ്റ് ചെയ്തത്.

‘വിരാട് കോലിയുടെ സ്‌കൂളില്‍ നിന്ന് എടുത്ത മണ്ണാണിത്. കോലി ക്രിക്കറ്റ് കളിക്കാന്‍ പഠിച്ചത് ഇവിടെനിന്നാണ്. അദ്ദേഹത്തെ അനുഗ്രഹിക്കാന്‍ ഈ മണ്ണ് ഇംഗ്ലണ്ടിലേക്ക് പോകുകയാണ്’, എന്നായിരുന്നു ട്വീറ്റ്. എന്നാല്‍ ആരാധകര്‍ ഈ ട്വീറ്റ് ഏറ്റെടുക്കുകയല്ല മറിച്ച് വിമര്‍ശിക്കുകയാണ് ചെയ്തത്.

ഇത്തരം അന്ധവിശ്വാസങ്ങള്‍ വെച്ച് പൊറുപ്പിക്കാനാകില്ലെന്ന് ആരാധകര്‍ ഒന്നടങ്കം പറഞ്ഞിരുന്നു. ഇന്ന് മണ്ണ്, നാളെ ഇത്തരത്തില്‍ ഗോമൂത്രവും അയക്കുമെന്നും ചിലര്‍ ഈ ട്വീറ്റിന് മറുപടി നല്‍കി. ആരാണ് ഈ മണ്ടത്തരത്തിനു പിന്നിലാണെന്നായിരുന്നു മറ്റുചിലര്‍ക്ക് അറിയേണ്ടിയിരുന്നത്.