സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഒന്നും രണ്ടും റാങ്കുകള്‍ ഇടുക്കിക്കും കോട്ടയത്തിനും

single-img
10 June 2019

സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഒന്നും രണ്ടും റാങ്കുകള്‍ യഥാക്രമം ഇടുക്കി, കോട്ടയംസ്വദേശികള്‍ സ്വന്തമാക്കി. ഇടുക്കി ജില്ലയിലെ ആനക്കര സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. കോട്ടയം ജില്ലയില്‍ നിന്നുള്ള ഗൗതം ഗോവിന്ദ് രണ്ടാം റാങ്കും ആക്വിബ് നവാസ് മൂന്നാം റാങ്കും സ്വന്തമാക്കി. ആകെ മാര്‍ക്കായ 600ല്‍ 584.9173 സ്‌കോര്‍ നേടിയാണ് വിഷ്ണു വിനോദ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്.

Support Evartha to Save Independent journalism

600ല്‍ 571.5238 സ്‌കോറാണ് രണ്ടാം റാങ്ക് നേടിയ ഗൗതം ഗോവിന്ദ് നേടിയത്. മൂന്നാമതെത്തിയ ആക്വിബ് നവാസിന്റെ സ്‌കോര്‍ 569.0113 ആണ്. ആദ്യ രണ്ട് റാങ്കുകള്‍ സ്വന്തമാക്കിയവര്‍ കേരള ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ്. ജയിച്ചവരില്‍ ആദ്യ അയ്യായിരം റാങ്കില്‍ 2341 പേര്‍ കേരള ഹയര്‍ സെക്കണ്ടറി പഠിച്ചവരും 2464 പേര്‍ സിബിഎസ്ഇ പഠിച്ചവരുമാണ്.

ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി ആലിസ് മരിയ ചുങ്കത്തും ഫാര്‍മസി വിഭാഗത്തില്‍ കൊല്ലത്തുനിന്നുള്ള നവീന്‍ വിന്‍സെന്റും ഒന്നാം റാങ്ക് നേടി. സംസ്ഥാനത്താകെ 73,437 പേര്‍ എഞ്ചിനീയറിംഗ് പരീക്ഷ എഴുതിയതില്‍ 51,667 പേര്‍ യോഗ്യത നേടി. അടുത്ത അധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത് പരിഗണിക്കുമെന്ന് ഫലം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ അറിയിച്ചു.