കഠ്‌വ പീഡനക്കേസില്‍ ആറു പ്രതികള്‍ കുറ്റക്കാര്‍: രാജ്യം കാത്തിരുന്ന വിധിയില്‍ കോടതി

single-img
10 June 2019

ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ഒളിപ്പിച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കി കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാര്‍. രാജ്യ മനഃസാക്ഷിയെ നടുക്കിയ കേസില്‍ ക്ഷേത്ര പൂജാരിയും പൊലീസ് ഉദ്യോഗസ്ഥരുമടക്കം എട്ടു പേര്‍ക്കെതിരായ വിചാരണ പൂര്‍ത്തിയാക്കിയാണ് പഞ്ചാബിലെ പത്താന്‍കോട്ട് കോടതി വിധി പറഞ്ഞത്. കേസില്‍ ഒരാളെ വെറുതെ വിട്ടു.

കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതിയും ക്ഷേത്രപൂജാരിയുമായ സാന്‍ജി റാമും, കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, വിശാൽ എന്നീ പ്രതികളും മൂന്ന് പൊലീസുദ്യോഗസ്ഥരും കുറ്റക്കാരെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജുരിയ, സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നീ പൊലീസുദ്യോഗസ്ഥർക്കെതിരെ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നതാണ് കേസ്. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിക്കാനാണ് സാധ്യത.

2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് കാരണമായ സംഭവം നടന്നത്. നാടോടി സമുദായമായ ബക്കര്‍വാളുകളെ കഠ്‌വയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക ലക്ഷ്യമിട്ട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കഠ്‌വ ഗ്രാമ പ്രമുഖനും ക്ഷേത്ര പൂജാരിയും വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായ സാന്‍ജി റാം (60), സാന്‍ജി റാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര, സാന്‍ജിറാമിന്റെ അനന്തരവനായ പതിനഞ്ചുകാരന്‍, പര്‍വേഷ് കുമാര്‍ (പതിനഞ്ചുകാരന്റെ സഹായി), ദീപക് ഖജൂരിയ (സ്‌പെഷല്‍ പൊലീസ് ഓഫിസര്‍), സുരീന്ദര്‍ കുമാര്‍ (സ്‌പെഷല്‍ പൊലീസ് ഓഫീസര്‍), വിശാലിന്റെ സുഹൃത്ത് ആനന്ദ് ദത്ത് (ഹീരാ നഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ), തിലക് രാജ് (ഹെഡ് കോണ്സ്റ്റ ബിള്‍) എന്നിവരാണ് കേസിലെ പ്രതികള്‍.

ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സന്‍ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്. സജ്ഞി റാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍, സുഹൃത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു.

കേസാദ്യം അന്വേഷിച്ച എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു. ജമ്മു കാശ്മീര്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. കേസിന്റെ കുറ്റപത്രം കഠ്‌വ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിച്ചിരുന്നില്ല.

ഇതേ തുടര്‍ന്ന് സുപ്രീം കോടതിയാണ് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്. 275 തവണ ഹിയറിങ് നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു.