കത്വ കൂട്ട ബലാത്സംഗ കേസില്‍ ശിക്ഷ വിധിച്ചു: മൂന്ന് പ്രതികൾക്ക് മരണം വരെ തടവ്; മറ്റ് മൂന്ന് പേര്‍ക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ പിഴ

single-img
10 June 2019

കത്വയില്‍ എട്ട് വയസുകാരിയ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്ത് കൊലചെയ്ത കേസില്‍ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്പെഷ്യൽ പോലീസ് ഓഫീസറായ ദീപക് ഖജുരിയ,സാഞ്ചി റാമിന്‍റെ സുഹൃത്ത് പർവേഷ് കുമാർ എന്നിവർക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Support Evartha to Save Independent journalism

കേസില്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയ മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത, സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവർക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കൊലചെയ്യല്‍, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഏഴ് പേരില്‍ ആറ് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച പഠാൻ കോട്ട് പ്രത്യേക കോടതി കേസിൽ ഒരാളെ വെറുതെ വിട്ടു. മുഖ്യ പ്രതിയായ സാഞ്ചിറാമിന്‍റെ മരുമകൻ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ വേണ്ടി മാത്രം പ്രതികൾ ഇയാളെ മീററ്റിൽ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ ഇത് സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.

ഇദ്ദേഹത്തിന്റെറെ പതിനഞ്ചുകാരനായ മറ്റൊരു മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിചാരണ ജുവനൈൽ കോടതിയിലാണ് . അതിലെ വിധിപ്രസ്താവം പിന്നീട് മാത്രമേ ഉണ്ടാകു. കേസ് പരിഗണിച്ച പഠാൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് കേസിൽ വിധി പറ‌ഞ്ഞത്. 2018 ജനുവരി മാസത്തിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാൽസംഗം നടന്നത്.