ഗിരീഷ് കര്‍ണാട് അന്തരിച്ചു

single-img
10 June 2019

എഴുത്തുകാരനും നാടകകൃത്തും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കര്‍ണാട് (81) അന്തരിച്ചു. ബംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.

കന്നഡ സാഹിത്യത്തിന് പുതിയ മുഖം നല്‍കിയ എഴുത്തുകാരനായിരുന്നു കര്‍ണാട്. എഴുത്തുകാരനുപുറമേ നടനും ചലച്ചിത്ര സംവിധായകനുമായ ഗിരീഷ് കര്‍ണാടിനു രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം 1998ലാണ് അദ്ദേഹത്തിന് നല്‍കിയത്.

ഇന്ത്യയിലെ നാടകപ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയനാണ് ഇദ്ദേഹം. ഹയവദന, യയാതി, തുഗ്ലക്, നാഗമണ്ഡല എന്നിവയാണു പ്രധാന നാടകങ്ങള്‍. ഇതില്‍ തുഗ്ലക് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി കണക്കാക്കുന്നു. ചരിത്ര വിഷയങ്ങള്‍ പ്രമേയമാക്കി നാടകങ്ങള്‍ രചിച്ചപ്പോള്‍ അതില്‍ പുതിയ കാലഘട്ടത്തിനു യോജിക്കുന്ന മേഖലകള്‍ കണ്ടെത്തി എന്നതാണു ഗിരീഷ് കര്‍ണാടിനെ ശ്രദ്ധേയനാക്കിയത്.

കൊങ്കിണി സംസാരിക്കുന്ന ബ്രാഹ്മണ കുടുംബത്തില്‍ 1938ല്‍ മുംബൈയിലാണു കര്‍ണാട് ജനിച്ചത്. ആര്‍ട്‌സില്‍ ബിരുദം നേടിയശേഷം ഇംഗ്ലണ്ടില്‍നിന്നു ബിരുദാനന്തര ബിരുദം നേടി. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരുന്നു. സിനിമാ അഭിനയരംഗത്തും സംവിധാനരംഗത്തും ഗിരീഷ് കര്‍ണാട് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വംശവൃക്ഷ അടക്കം ഒട്ടേറെ സിനിമകള്‍ സംവിധാനം ചെയ്തു.