‘മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനുള്ള അവസരമാകാം നിങ്ങള്‍ ഇല്ലാതാക്കുന്നത്’; അവധി ചോദിച്ച് ഫോണ്‍ വിളിക്കുന്നവരോട് കളക്ടര്‍ അനുപമ

single-img
10 June 2019

ഇക്കുറിയും മഴക്കാലം തുടങ്ങിയതോടെ ജനങ്ങളോട് പഴയ ഒരു അഭ്യര്‍ത്ഥന ആവര്‍ത്തിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ജില്ല കളക്ടര്‍ ടിവി അനുപമ. പ്രളയകാലത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ടിവി അനുപമ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹായത്തിന് വേണ്ടി വിളിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും എന്നാലിത് കൂടുതല്‍ ഉത്തരവാദിത്തത്തോടെ ചെയ്യണമെന്നും കളക്ടര്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെടുന്നു.

അനുപമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങിനെ

മഴക്കാലം ആസന്നമായതോടെ പഴയൊരു പോസ്റ്റ് വീണ്ടും പോസ്റ്റ് ചെയ്യുകയാണ്.

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

കനത്ത മഴയാണെന്നും അവധി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി കോളുകളാണ് ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് കിട്ടുന്നത്.

അവധി പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ക്കൊരു നടപടിക്രമമുണ്ട്. അവ കൃത്യമാവുകയാണെങ്കില്‍, വിശ്വസിക്കൂ, ഞങ്ങള്‍ അവധി പ്രഖ്യാപിക്കും, നിങ്ങളാരെയും വിധത്തിലും ബുദ്ധിമുട്ടിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല.

പക്ഷെ നിങ്ങളെല്ലാവരും ഒരുമിച്ച് ഫോണ്‍ ചെയ്യുമ്പോള്‍, ലൈന്‍ തിരക്കേറിയതാവും. അപ്പോള്‍ മുങ്ങിത്താഴുന്നവര്‍ക്കും കാണാതായവര്‍ക്കും വേണ്ടിയുള്ള കോളുകള്‍ കിട്ടാതെ വരും.

ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ വിളിക്കാനുള്ള സ്വാതന്ത്ര്യം നിശ്ചയമായും നിങ്ങള്‍ക്കുണ്ട്. പക്ഷെ സ്വാതന്ത്ര്യത്തിനൊപ്പം ഉത്തരവാദിത്തം കൂടിയുണ്ടാകുമ്പോള്‍ കനത്ത മഴയില്‍ പെട്ടൊരാള്‍ക്ക് 30 സെക്കന്റ് പോലും ജീവനും മരണത്തിനുമിടയിലെ സമയമാകും. അതുകൊണ്ട് അടുത്ത തവണ അവധിക്ക് വേണ്ടി വിളിക്കുമ്പോള്‍, ദയവായി ഉത്തരവാദിത്തമുള്ള പൗരന്മാരായി, നിങ്ങള്‍ അത്യാവശ്യ സഹായം വേണ്ടൊരാളെ ബുദ്ധിമുട്ടിക്കുകയല്ല എന്നുറപ്പാക്കൂ.

മനസിലാക്കുന്നതിന് നന്ദി.

സുരക്ഷിതമായ ഒരു മഴക്കാലം ആശംസിക്കുന്നു.