പമ്പയില്‍ നിന്ന് ഗുരുവായൂരില്‍ എത്തിയപ്പോള്‍ കൈചൂണ്ടിയവര്‍ കൈകൊടുത്തു;യതീഷ് ചന്ദ്രയെ കൈ നീട്ടി സ്വീകരിച്ച് ബി.ജെ.പി നേതാക്കള്‍

single-img
9 June 2019

ശബരിമലയില്‍ വിവാദം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥനായ യതീഷ്ചന്ദ്രയ്‌ക്കെതിരെ അന്ന് ബിജെപി നേതാക്കള്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി പമ്പയിലും നിലയ്ക്കലുമാണ് യതീഷ് ചന്ദ്രയെ സർക്കാർ നിയോഗിച്ചിരുന്നത്. എന്നാൽ സമരപരിപാടികളുടെ ഭാഗമായി ശബരിമലയിലേക്കെത്തിയ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ തടഞ്ഞതിലും, ശബരിമല സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുയർത്തി യതീഷ് ചന്ദ്രയ്ക്ക് നേരെ രൂക്ഷമായ വിമർശനങ്ങളായിരുന്നു ബി.ജെ.പി നേതാക്കളുയർത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഗുരുവായൂരിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രനും, എ.എൻ രാധാകൃഷ്ണനും കമ്മീഷണറെ മുഖാമുഖം കണ്ടത് കാഴ്ചക്കാരിലും കൗതുകമുയർത്തി.

ഗുരുവായൂരിലെത്തിയ യതീഷ് ചന്ദ്രയ്ക്ക് ബിജെപി നേതാക്കള്‍ കൈകൊടുത്തു.ഇവിടെ പ്രധാനമന്ത്രി എത്തുന്നതിന് മുന്‍പായി ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ചാണ് കെ.സുരേന്ദ്രനും, എ.എന്‍ രാധാകൃഷ്ണനും കമ്മീഷണറുടെ മുന്‍പിലെത്തിയത്. എന്നാല്‍ പമ്പയിലും,നിലയ്ക്കലും കണ്ട പിണക്കമൊന്നും മൂവരുടെയും മുഖത്തുണ്ടായിരുന്നില്ല. ഇവരുടെ അടുത്തേക്ക് ചിരിയോടെ നടന്നടുത്ത കമ്മീഷണറെ കൈനിട്ടി സ്വീകരിക്കുകയാണ് ബി.ജെ.പി നേതാക്കള്‍ ചെയ്തത്.