ലോകകപ്പ് ക്രിക്കറ്റ്: ഓസ്ട്രേലിയക്കെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി റെക്കോഡോടെ ഇന്ത്യ വന്‍ സ്കോറിലേക്ക്

single-img
9 June 2019

ലോകകപ്പ് ക്രിക്കറ്റില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയുടെ രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ സഖ്യത്തിന് റെക്കോര്‍ഡ്. ആദ്യ വിക്കറ്റില്‍ 22.3 ഓവറില്‍ 127 റണ്‍സടിച്ച ധവാന്‍-രോഹിത് സഖ്യം ഐസിസിയുടെ കീഴില്‍ നടത്തുന്ന ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം സെഞ്ചുറി കൂട്ടുകെട്ടുകളെന്ന റെക്കോര്‍ഡിനൊപ്പമാണ് ഇന്നെത്തിയത്.
കരിയറില്‍ ആറാം തവണയാണ് രോഹിത്-ധവാന്‍ സഖ്യം ഐസിസി ടൂര്‍ണമെന്റുകളില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത്.

ഇതിന് മുന്‍പ് ആറ് തവണ ഈ നേട്ടം കൈവരിച്ച ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന്‍-ആദം ഗില്‍ക്രിസ്റ്റ് സഖ്യത്തിനൊപ്പമാണ് ഇപ്പോള്‍ രോഹിത്തും ധവാനും. അഞ്ച് വട്ടം ഈ നേട്ടം കൈവരിച്ചിട്ടുള്ള ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷന്‍-കുമാര്‍ സംഗക്കാര സഖ്യത്തെയാണ് രോഹിത്-ധവാന്‍ കൂട്ടുകെട്ട് ഇന്ന് പിന്നിലാക്കിയത്. ഏകദിന മത്സരങ്ങളില്‍ രോഹിത്-ധവാന്‍ ഓപ്പണിംഗ് സഖ്യത്തിന്റെ പതിനാറാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ന് ഓവലില്‍ പിറന്നത്.

ഒരേയൊരു റിക്കോഡ്‌ മാത്രമാണ് ഇനി ഇവര്‍ക്ക് മുന്നില്‍ ഉള്ളത്. അത് ഓപ്പണിംഗില്‍ 21 തവണ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടുളള ഇന്ത്യയുടെ സൗരവ് ഗാംഗുലി-സച്ചിന്‍ ടെന്‍ഡ‍ുല്‍ക്കര്‍ കൂട്ടുകെട്ടാണ്. ഇന്നത്തെ നേട്ടത്തോടെ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡും രോഹിത്-ധവാന്‍ സഖ്യം സ്വന്തമാക്കി. 2007ല്‍ ഗ്രെയിം സ്മിത്ത്-എ ബി ഡിവില്ലിയേഴ്സ് സഖ്യം നേടിയ 160 റണ്‍സാണ് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ട്.