നിപ ബാധയിൽ ആശങ്കയൊഴിയുന്നു;നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിന്റെ നില മെച്ചപ്പെട്ടു

single-img
9 June 2019

കൊച്ചി: സംസ്ഥാനത്തെ നിപ ബാധയിൽ ആശങ്കയൊഴിയുന്നു. ഒബ്സർവേഷൻ വാർഡിലായിരുന്ന നാലു പേരെ ഡിസ്ചാർജു ചെയ്തു. നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റേ നില മെച്ചപ്പെട്ടതായാണ് വിവരങ്ങൾ. അതേസമയം നിപ പ്രതിരോധ പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ
രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് ഇല്ല. കളമശ്ശേരിയിൽ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. അതേസമയം മൂത്രത്തിൽ വൈറസിന്റെ സാന്നിധ്യം ഉണ്ട്. ഔദ്യോഗികമായി സ്‌ഥിരീകരിക്കാൻ പൂനെയിൽ നിന്നുള്ള ഫലം വരണം.

അതേസമയം സംസ്ഥാനത്തെ നിപ വൈറസ് ബാധയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിലെ നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ധ പരിശോധന ആരംഭിച്ചെന്നും മന്ത്രി പ്രതികരിച്ചു.

അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും നിപ പരിശോധനയ്ക്കായി അയച്ച സാപിളും നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. ആലപ്പുഴ വൈറോളജി ലാബിലായിരുന്നു പരിശോധന.

ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ള 52 പേർ ഉൾപ്പെടെ 327 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ജനകീയ കാമ്പയിനുകൾക്കൊപ്പം സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. സ്കൂളുകളിൽ പ്രദർശിപ്പിക്കാനായി വീഡിയോയും തയ്യാറാക്കും.