സി.ഒ.ടി നസീറിനെ വെട്ടിയത് ഒന്നിലേറെ തവണ, ആക്രമിച്ച ശേഷം ശരീരത്തിലൂടെ ബൈക്ക് കയറ്റിയിറക്കി: സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

single-img
9 June 2019

വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എം വിമതന്‍ സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെടുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഒന്നിലേറെ തവണ നസീറിനെ വെട്ടിയ ശേഷം അക്രമികള്‍ ശരീരത്തിലൂടെ ബൈക്ക് കയറ്റിയിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വഴിയില്‍ കാത്തുനിന്ന സംഘമാണ് നസീറിനെ ആക്രമിച്ചത്. ആക്രമണം കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയതെന്ന് സി.ഒ.ടി നസീറും ആരോപിച്ചിട്ടുണ്ട്. അത് ശരിവയ്ക്കുന്നതാണ് സി.സി ടിവി ദൃശ്യങ്ങളും.

നസീറിനെ ആക്രമിച്ച കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി ശ്രീജന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ പൊലീസ് നല്‍കിയ എഫ്.ഐ.ആറില്‍ ഇവര്‍ പ്രതികളായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രതികളെ എങ്ങനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന്തു സംബന്ധിച്ച് പൊലീസിലും ആശയക്കുഴപ്പം തുടരുകയാണ്. ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നും റിപ്പോര്‍ട്ട് തേടാതെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കേസില്‍ ഇതുവരെ അഞ്ചു പ്രതികളാണ് കീഴടങ്ങിയത്.

മേയ് മാസം 18-ാം തീയതിയാണ് തലശ്ശേരിക്ക് സമീപം നസീറിനെ ആക്രമിച്ചത്. നിലവിൽ കേസിൽ 11 പേരുടെ പ്രതിപ്പട്ടികയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്ന് നസീർ ആരോപിച്ചിരുന്നു. തലശ്ശേരി എംഎൽഎ എ.എൻ ഷംസീറിന് ആക്രമത്തിൽ പങ്കുണ്ടെന്ന് നസീർ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും നസീർ ആവശ്യപ്പെട്ടിരുന്നു.

നസീറിനെതിരെ നടന്ന വധശ്രമം സംബന്ധിച്ച് സിപിഎം പാർട്ടി തല അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാന സമിതിയുടെ നിർദേശപ്രകാരം അന്വേഷണ സമിതി അംഗങ്ങളായ ടി.വി രാജേഷ് എംഎൽഎയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരീന്ദ്രനും ഉൾപ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തുന്നത്.