ജാർഖണ്ഡിൽ മധ്യവയസ്ക്കൻ മരണപ്പെട്ടത് പട്ടിണി കിടന്നാണെന്ന് ബന്ധുക്കള്‍; മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഭക്ഷ്യമന്ത്രി

single-img
9 June 2019

ജാർഖണ്ഡിൽ കഴിഞ്ഞ ദിവസം രാമചന്ദ്ര മുണ്ഡെ എന്ന മധ്യവയസ്ക്കൻ മരണപ്പെട്ടത് പട്ടിണി കിടന്നാണെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഭക്ഷ്യമന്ത്രി. തങ്ങളുടെ കുടുംബത്തിന് റേഷൻ ലഭിക്കാറില്ലെന്നും, മൂന്ന് ദിവസം പട്ടിണി കിടന്നാണ് മുണ്ഡെ മരിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക്ക് യന്ത്രം പ്രവർത്തിക്കാതിരുന്നതിനാൽ മൂന്ന് മാസത്തോളമായി റേഷനൊന്നും ലഭിച്ചിരുന്നല്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ മുതിര്‍ന്ന ബിജെപി നേതാവും സംസ്ഥാന ഭക്ഷ്യ മന്ത്രിയുമായ സരയു റായി, മരണപ്പെട്ട രാമചന്ദ്ര മുണ്ഡെയുടെ ശരീരം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമന്നും അറിയിച്ചു. കുടുംബത്തിന്റേഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി പറഞ്ഞു.

പക്ഷെ കുടുംബത്തിന് റേഷൻ മുടങ്ങിയെന്ന ബന്ധുക്കളുടെ ആരോപണം തള്ളി ജില്ലാ അധികാരികൾ രംഗത്ത് വന്നു. രാമചന്ദ്ര മുണ്ഡെയുടെ മരണം സംഭവിച്ചത് പട്ടിണി മൂലമല്ലെന്നും, കുടുംബത്തിന് എല്ലാ വിധ ആനുകൂല്യങ്ങളും ലഭിച്ചിരുന്നതായും മഹുവാദന്ത് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പറഞ്ഞു. പ്രദേശത്തുള്ള മോശമായ ഇന്റർനെറ്റ് ലഭ്യത കാരണം, വിവരങ്ങളെല്ലാം ഓഫ്‍ലെെനായിട്ടും സൂക്ഷിക്കണമെന്നും, റേഷൻ വിതരണ നടപടികൾ തുടരണമെന്നുമുള്ള നിർദേശം അ‍ഡ്മിനിസ്ട്രേഷൻ നൽകിയിരുന്നതായും മജിസ്ട്രേറ്റ് സുധീർ കുമാർ ദാസ് പറയുന്നു.