അപകടസമയത്ത് ബാലഭാസ്‌കറിന്റെ വാഹനത്തില്‍ ഉണ്ടായിരുന്നത് 44 പവനും രണ്ടുലക്ഷം രൂപയും;ആഭരണങ്ങള്‍ ബന്ധുവിന്റെ കല്യാണത്തിന് ധരിക്കാന്‍ ലോക്കറില്‍നിന്ന് എടുത്തതാണെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി.

single-img
9 June 2019

തിരുവനന്തപുരം: പള്ളിപ്പുറത്തെ അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ ബന്ധുവിന്റെ കല്യാണത്തിന് ധരിക്കാന്‍ ലോക്കറില്‍നിന്ന് എടുത്തതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. ലോക്കറില്‍ തിരികെ വയ്ക്കാന്‍ കഴിയാഞ്ഞതിനാല്‍ യാത്രയിലും ഇവ കൊണ്ടുപോവുകയായിരുന്നു. കുഞ്ഞിന്റെ നൂലുകെട്ടിന് ലഭിച്ചതാണ് കണ്ടെടുത്ത സ്വര്‍ണനാണയങ്ങള്‍. നേര്‍ച്ചയുടെ ചെലവുകള്‍ക്കായാണ് പണം കരുതിയതെന്നും ലക്ഷ്മി പറഞ്ഞു.

44 പവനോളം വരുന്ന സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്. പരിപാടിക്ക് വേണ്ടിയോ മറ്റോ പുറത്തുപോകുമ്പോള്‍ വീട്ടിലുള്ള തുക ഇത്തരത്തില്‍ കൈയില്‍ കരുതാറുണ്ടെന്നും ലക്ഷ്മി മൊഴി നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 29 നാണ് ഈ സ്വര്‍ണവും പണവും ലക്ഷ്മിയുടെ കുടുംബം പോലീസിന്റെ കൈയില്‍ നിന്ന് ഏറ്റുവാങ്ങിയത്. ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലാണ് സ്വര്‍ണം ഏറ്റുവാങ്ങിയത്.

അപകടസമയത്ത് വാഹനത്തില്‍ വലിയതോതില്‍ സ്വര്‍ണമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. അപകടസമയത്ത് ലക്ഷ്മിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണത്തെപ്പറ്റി അന്വേഷിക്കണമെന്ന് ബാലഭാസ്‌കറിന്റെ ബന്ധു ഫെയ്‌സ്ബുക്കില്‍ കൂടെ ആവശ്യപ്പെട്ടിരുന്നു. ഇത് പിന്നീട് വിവാദമായിരുന്നു.

അതേസമയം അപകടസമയത്ത് ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് അർജുനാണെന്ന സ്ഥിരീകരണത്തിലേക്ക് അന്വേഷണസംഘമെത്തുന്നു. ജയിലിലുള്ള പ്രകാശൻ തമ്പിയുടെ മൊഴിയോടൊപ്പം ഫൊറൻസിക് വിഭാഗം നേരത്തേ നൽകിയ റിപ്പോർട്ടുകൾ കൂടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ പ്രാഥമിക നിഗമനത്തിലേക്ക് എത്തുന്നത്.