രോഗിയായ സഹോദരിയുടെ കാര്യം പോലും അവഗണിച്ചായിരുന്നു ബാലഭാസ്കർ വിവാഹത്തിലേക്ക് എടുത്തുചാടിയത്: അധികമാരുമറിയാത്ത കുടുംബകഥ

single-img
9 June 2019

ബാലഭാസ്കറിന്റെ മരണവും ജീവിതവും വീണ്ടും വാർത്തകളിൽ നിറയുകയാണ്. സ്വർണക്കടത്ത് കേസിൽ ബാലുവിന്റെ സുഹൃത്തുക്കൾ പിടിയിലായതോടെയാണ് കേസിന് വഴിത്തിരിവുണ്ടാകുന്നത്.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ പൂർത്തിയാക്കി ബാലഭാസ്കർ ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനിയുമൊത്തു തന്റെ കെഎൽ 01 ബിജി 6622 കാറിൽ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരത്തിന് 14 കിലോമീറ്റർ മുൻപു പള്ളിപ്പുറം സിആർപിഎഫ് ജംക്‌ഷൻ കഴിഞ്ഞു വലത്തേക്കുള്ള വളവു തിരിഞ്ഞു കാർ അതിവേഗത്തിൽ റോഡിനു വലതുവശത്തേക്കു നീങ്ങി. വളവിൽ നിന്ന് 100 മീറ്റർ അകലെ റോഡരികിലെ മരത്തിലിടിച്ച് അപകടം സംഭവിച്ചത്. 

നാട്ടുകാരും വഴിയാത്രക്കാരും പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. മകൾ തേജസ്വിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റ ബാലഭാസ്കറിനെയും ശരീരമാസകലം ഗുരുതര പരുക്കേറ്റ ലക്ഷ്മിയെയും കാലുകൾ തകർന്ന അർജുനെയും നഗരത്തിലെ അനന്തപുരി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഒരാഴ്ചയ്ക്കു ശേഷം ചികിൽസയിലിരിക്കെ ബാലഭാസ്കറും മരിച്ചു. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ തിരുമലയിലെ ‘ഹിരൺമയി’ എന്ന വീട്ടിലുണ്ട് ലക്ഷ്മിയിപ്പോൾ.

മകൻ  അറിയപ്പെടുന്ന വലിയ സംഗീതജ്ഞനായി വളർന്നു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം എത്തുന്നത്. കുടുംബത്തിനു താങ്ങും തണലുമാകുമെന്നു പ്രതീക്ഷിച്ച മകന്റെ വിയോഗം കുടുംബത്തെ വല്ലാതെ തളർത്തി. രോഗിയായ സഹോദരിയുടെ കാര്യം പോലും അവഗണിച്ചായിരുന്നു ബാലഭാസ്കർ വിവാഹത്തിലേക്ക് എടുത്തുചാടിയെന്ന് കുടുംബം പറയുന്നു. ഇതോടെ ബാലഭാസ്കർ മാതാപിതാക്കളുമായി അകന്നു. വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടുനിന്ന കൂട്ടൂകാർ മാത്രമായി പിന്നെ താങ്ങും തണലും.

പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായിട്ടായിരുന്നു ബാലഭാസ്കറിന് ഏറ്റവുമടുത്ത സൗഹൃദം. ചികിൽസയ്ക്കായിട്ടായിരുന്നു അവിടേക്കുള്ള ആദ്യ യാത്ര. പിന്നെ അവർ അടുത്ത സുഹൃത്തുക്കളായി. ബാലഭാസ്കർ വിദേശത്തു സംഗീതപരിപാടിക്കായി പോകുമ്പോൾ ഭാര്യ ലക്ഷ്മി, ഡോക്ടറുടെ കുടുംബത്തിനൊപ്പമാണു താമസിച്ചിരുന്നത്. ഡ്രൈവറായി അർജുൻ എത്തിപ്പെടുന്നതും ഇൗ കുടുംബത്തിൽ നിന്നാണ്.

അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിലും അമ്മയുമായി ബാലഭാസ്കർ അത്ര അടുത്തിരുന്നില്ല. എന്നാൽ, അപകടത്തിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപു ബാലഭാസ്കർ അച്ഛന്റെയും അമ്മയുടെയും അടുക്കല്‍ മടങ്ങിയെത്തി. ഇരുകുടുംബങ്ങളും തമ്മിൽ രമ്യതയിലായി. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ ഒരു വശത്തും കുടുംബം മറുവശത്തും നിന്നു നടത്തുന്ന പോരാട്ടമാണോ ആരോപണങ്ങൾക്കു പിന്നിലെന്നു ചോദിക്കുന്നവരുമുണ്ട്. ഉത്തരം കിട്ടണമെങ്കിൽ അന്വേഷണം പൂർത്തിയാകണം.