ബാലഭാസ്കറിന്റെ വാഹനത്തിൽ സ്വർണ നാണയവും ആഭരണങ്ങളും: വാഹനം ഓടിച്ചത് അർജുനാകാമെന്ന് വിദഗ്ധ സമിതി

single-img
9 June 2019

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും റോഡപകടത്തില്‍പ്പെട്ട സമയത്ത് വാഹനം ഓടിച്ചത് അർജുനാകാമെന്ന് വിദഗ്ധ സമിതി. അർജുനുണ്ടായത് ഡ്രൈവർക്കുണ്ടാവുന്ന പരിക്കുകളെന്നാണ് ഫൊറന്‍സിക് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കൊളജിലെ ഫൊറൻസിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് നൽകിയത്.  ബാലഭാസ്ക്കറിന്റെ പരിക്കുകൾ പിൻസീറ്റിലെ യാത്രക്കാരന്റേതാകാനാണ് സാധ്യതയെന്ന് ഡോക്ടർമാർ വിശദമാക്കുന്നു.

അതേസമയം ബാലഭാസ്കറിന്റെ കാറിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. രണ്ടു ബാഗുകളില്‍ ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. 10, 20, 50, 100, 500, 2000 നോട്ടുകളുടെ കെട്ടുകളായിട്ടാണു പണം സൂക്ഷിച്ചിരുന്നത്. 500, 2000 നോട്ടുകളായിരുന്നു കൂടുതല്‍.

പൊലീസ് പണം എണ്ണി തിട്ടപ്പെടുത്തിയശേഷം റജിസ്റ്ററില്‍ രേഖപ്പെടുത്തി. 2 ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും കണ്ടെടുത്തതായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാൽ പ്രകാശ് തമ്പി രാവിലെ തന്നെ സ്റ്റേഷനിലെത്തി മാനേജരാണെന്നു പരിചയപ്പെടുത്തി പൊലീസിനോട് സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞു.

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ബാലഭാസ്കറും ലക്ഷ്മിയും അപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു.

ബന്ധുക്കളാണെന്നു ബോധ്യമായതോടെ പൊലീസ് ബാഗുകളും ആഭരണങ്ങളും പണവും കൈമാറി. ഇതിന്റെ രേഖകള്‍ പിന്നീട് കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്പി അനിലിനു കൈമാറി. മരണത്തിനു പിന്നില്‍ ദുരൂഹതയില്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.

ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ഹരികൃഷ്ണനാണ് അന്വേഷണ ചുമതല. ആഭരണം സംബന്ധിച്ച രേഖകള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലാണുള്ളത്. 

അതേസമയം കാറിൽ നിന്നുമെടുത്ത സ്വർണവും പണവും തങ്ങളുടെതെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമി മൊഴി നല്‍കി. വീട്ടിൽ വച്ചാൽ സുരക്ഷിതമല്ലാത്തതിനാലാണ് സ്വർണം യാത്രയിൽ കൈയിൽ കരുതിയെന്ന് ലക്ഷമി മൊഴി നല്‍കി.