വാഹനം ഓടിച്ചത് അര്‍ജുന്‍ തന്നെ, നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

single-img
9 June 2019

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ നിര്‍ണായകമായി ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നാണ് വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വദേശി നന്ദുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Support Evartha to Save Independent journalism

കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെയാണെന്നും, ബാലഭാസ്‌കര്‍ പിന്‍ സീറ്റില്‍ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്നും നന്ദു മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയിലും ഇയാള്‍ ഇതേ കാര്യം തന്നെയാണ് പറഞ്ഞിരിക്കുന്നത്.

അപകടസ്ഥലത്തേക്ക് ഓടിയെത്തിയ താന്‍ കാണുന്നത് ഡ്രൈവര്‍ സീറ്റിലിരിക്കുന്ന അര്‍ജുനെയാണ്. ജീ ഷര്‍ട്ടും ബര്‍മുഡയുമായിരുന്നു വേഷം. പിന്‍ സീറ്റില്‍ ബാലഭാസ്‌കര്‍ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്.

അപകടത്തില്‍ കാലുകള്‍ ഒടിഞ്ഞുതൂങ്ങിയ നിലയിലായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു. കാറിന്റെ വാതില്‍ പൊളിച്ചാണ് അയാളെ പുറത്തെത്തിച്ചത്. പരിക്കേറ്റ ലക്ഷ്മി നിലവിളിക്കുന്നുണ്ടായിരുന്നു. കാറിന്റെ ജനല്‍ ചില്ല് തകര്‍ത്താണ് കുട്ടിയെ പുറത്തെടുത്തത്.

അപ്പോഴേക്കും പൊലീസും സ്ഥലത്തെത്തി. നാലു പേര്‍ കാറിനു സമീപത്തും പതിനഞ്ചോളം പേര്‍ പിന്നിലായും നില്‍ക്കുന്നതാണ് കണ്ടത്. പരിക്കുള്ളതിനാല്‍ കാറില്‍ നിന്ന് സ്വയം ഇറങ്ങാന്‍ കഴിയില്ലെന്ന് അര്‍ജുന്‍ തന്നോട് പറഞ്ഞതായും നന്ദു വെളിപ്പെടുത്തി.

അതേസമയം അപകട സ്ഥലത്തുനിന്നും കാണാതായ ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ ഡിആര്‍ഐ കണ്ടെടുത്തതായി സൂചന. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌കറുടെ അടുത്ത സുഹൃത്തുമായിരുന്ന പ്രകാശ് തമ്പിയുടെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായാണ് വിവരം.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രകാശ് തമ്ബിയുടെ വീട് റെയ്ഡ് ചെയ്യുന്നതിനിടെയാണ് ബാലഭാസ്‌കറിന്റെ ഫോണ്‍ ലഭിച്ചതെന്നും വിവരമുണ്ട്.