നല്ല കസേര കിട്ടിയില്ല; കോടതിമുറിയില്‍ പ്രജ്ഞ സിംഗിന്റെ രോഷപ്രകടനം

single-img
8 June 2019

മാലെഗാവ് സ്ഫോടനത്തെക്കുറിച്ച് അറിയില്ലെന്ന് സാധ്വി പ്രജ്ഞ സിങ് ഠാക്കൂർ എംപി. മുംബൈയിലെ എൻഐഎ കോടതിയുടെ ചോദ്യത്തിനാണ് പ്രജ്ഞ സിങ് മറുപടി നൽകിയത്. മുൻപ് രണ്ട് തവണ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും പ്രജ്ഞ ഒഴിവായിരുന്നു. ഹാജരാകാതിരുന്നാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് വെള്ളിയാഴ്ച ഹാജരായത്.

കേസ് നടപടിയെക്കുറിച്ച് എന്തറിയാം എന്ന ചോദ്യത്തിന് കേസിൽ എത്ര സാക്ഷികളെ വിസ്തരിച്ചുവെന്നത് അറിയില്ലെന്ന് പ്രജ്ഞ മറുപടി നൽകി. 116 സാക്ഷികളെ വിസ്തരിച്ചു. എന്നാൽ അതേക്കുറിച്ചു ചോദിക്കുന്നില്ല. 2008 സെപ്റ്റംബർ 29ന് നടന്ന സ്ഫോടനത്തെക്കുറിച്ച് അറിയാമോ എന്ന് എൻഐഎ ജഡ്ജി വി.എസ്.പഡാൽക്കർ ചോദിച്ചപ്പോഴാണ് എനിക്ക് ഇതേക്കുറിച്ച് ഒരു വിവരവുമില്ലെന്ന മറുപടി പ്രജ്ഞ നൽകിയത്.

അതേസമയം ജസ്‌റ്റിസ്‌ വിഎസ്‌ പഡാൽക്കർ കോടതിമുറി വിട്ടുപോയതും പ്രജ്ഞ സിംഗ്‌ തന്റെ അഭിഭാഷകനോട്‌ കയര്‍ത്തു. ഇരിക്കാന്‍ നല്‍കിയ കസേര പൊട്ടിയതും അഴുക്കുപിടിച്ചതുമാണ്‌ എന്ന്‌ പറഞ്ഞായിരുന്നു രോഷപ്രകടനം. തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കാനാണെങ്കിലും കോടതി വിളിക്കുമ്പോള്‍ ഇരിക്കാന്‍ നല്ല കസേര തരണമെന്ന്‌ പറഞ്ഞായിരുന്നു ബഹളം.

താനൊരു എംപിയാണെന്നും പ്രതികള്‍ക്ക്‌ ഇരിക്കാന്‍ നല്ല കസേര തരാത്തത്‌ മനുഷ്യാവകാശപ്രശ്‌നമാണെന്ന്‌ ചൂണ്ടിക്കാട്ടുമെന്നും പറഞ്ഞായിരുന്നു പ്രജ്ഞ സിംഗ്‌ ദേഷ്യപ്പെട്ടതെന്ന്‌ അഭിഭാഷകന്‍ രഞ്‌ജീത്‌ സാംഗ്ലെ പറഞ്ഞു. എംപിയായതുകൊണ്ട്‌ പ്രത്യേക ഇരിപ്പിടം കിട്ടണമെന്നില്ലെന്നും കസേരയ്‌ക്ക്‌ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ത്തന്നെ ജഡ്‌ജിയോട്‌ പറയാമായിരുന്നല്ലോ എന്നും എന്‍ഐഎ അഭിഭാഷകന്‍ അവിനാഷ്‌ റസല്‍ അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കില്‍ കോടതിമുറിയില്‍ സൗകര്യാനുസരണം നില്‍ക്കാനുള്ള അനുവാദം പ്രജ്ഞ സിംഗിന്‌ ലഭിക്കുമായിരുന്നല്ലോ എന്നും അദ്ദേഹം പറഞ്ഞു.

ഭോപാലിൽ നിന്നുള്ള ബിജെപി എംപിയാണ് പ്രജ്ഞ. മഹാരാഷ്ട്രയിലെ മാലെഗാവിൽ മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്നാണ് കേസ്. വ്യാഴാഴ്ചയായിരുന്നു കോടതിയിൽ ഹാജരാകേണ്ടിയിരുന്നത്. കടുത്ത രക്തസമ്മർദവും വയറുവേദനയും ഉണ്ടെന്ന് പറഞ്ഞാണ് പ്രജ്ഞ വ്യാഴാഴ്ച കോടതി നടപടികളിൽ നിന്ന് ഒഴിവായത്.

രക്തസമ്മർദ്ദം കാരണം ഭോപാലില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യാനാവില്ലെന്നായിരുന്നു പ്രജ്ഞയുടെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് പ്രജ്ഞയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാൽ ഡിസ്ചാർജ് ചെയ്തതിനു പിന്നാലെ ഇവർ പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ പോയി. ഇത് കോടതിയുടെ വിമർശനത്തിന് ഇടയാക്കുകയും ചെയ്തു.