നിപ ഭീതി ഒഴിയുന്നു; യുവാവിന്റെ നില മെച്ചപ്പെട്ടു, അമ്മയുമായി സംസാരിച്ചു

single-img
8 June 2019

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. ‌പുതുതായി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇടക്ക് ചെറിയ പനി ഉണ്ടാകുന്നുണ്ടെങ്കിലും നന്നായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. മാതാവുമായി യുവാവ് സംസാരിക്കുകയും ചെയ്തു. ചികിൽസയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ യോഗം ചേര്‍ന്ന് തുടര്‍ചികിത്സ നടപടികള്‍ ചര്‍ച്ച ചെയ്തു.

രോഗലക്ഷണങ്ങളുമായി പുതുതായി ആരും ചികിത്സ തേടാത്തതും ചികിത്സ തേടിയവര്‍ക്ക് നിപ ബാധയില്ലെന്ന കണ്ടെത്തലും കൂടുതല്‍ പേരിലേക്ക് രോഗം ബാധിച്ചിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 318 പേരില്‍ 52 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ തീവ്രനിരീക്ഷണത്തില്‍ തന്നെയാണ്.

266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. പൂര്‍ണമായി നിപ ഭീതി അകലുന്നത് വരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. സംശയം തോന്നുവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൌകര്യം ഏര്‍പ്പെടുത്തി.

പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10000 ത്രീ ലെയര്‍ മാസ്‌കുകളും 450 പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ഇന്നലെ കൂടുതലായി എത്തിച്ചിരുന്നു. നിപയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

വടക്കേക്കര ഭാഗത്ത് വവ്വാലുകള്‍ കൂട്ടമായി കാണപ്പെടുന്ന മേഖലകളില്‍ പരിശോധന നടത്തിയ വനം വകുപ്പ് അധികൃതര്‍ ഇവയെ കുടുക്കികിടത്തുന്നതിനായി വല കെട്ടാനും തീരുമാനിച്ചിട്ടുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനവും തുടരുകയാണ്.