മുണ്ടുടുത്ത് മോദി; കണ്ണനെ തൊഴുത് താമരകൊണ്ട് തുലാഭാരം

single-img
8 June 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂർ ക്ഷേത്രദർശനം ആരംഭിച്ചു. രാവിലെ 10.25-ഓടെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത്. ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ കിഴക്കേഗോപുരകവാടത്തിൽ കീഴ്ശാന്തിമാർ പൂർണകുംഭം നൽകി എതിരേറ്റു.

മുണ്ടും മേൽമുണ്ടും ധരിച്ചാണ് മോദി ക്ഷേത്ര ദര്‍ശനത്തിന് വന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും കേരളീയ വേഷത്തിൽ തന്നെ പ്രധാനമന്ത്രിയെ അനുഗമിച്ചു. 

അരമണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചിലവഴിച്ച അദ്ദേഹം ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കൾകൊണ്ട് തുലാഭാരം വഴിപാടും നടത്തി. കണ്ണനെ തൊഴുത് സോപാനപ്പടിയിൽ കാണിക്ക സമർപ്പിച്ചു. കദളിക്കുലയും മഞ്ഞപ്പട്ടും നെയ്യും സമർപ്പിച്ചു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന വിവരം അറിഞ്ഞ് വലിയ ആൾക്കൂട്ടവും ക്ഷേത്ര പരിസരത്ത് മോദിയെ കാണാൻ തടിച്ച് കൂടിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഏഴ് മണിമുതൽ ക്ഷേത്ര ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.