സ്വന്തം നഗ്നചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ല: ഹൈക്കോടതി

single-img
8 June 2019

സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് കേരളാ ഹൈക്കോടതി.പക്ഷെ ഇവ പ്രചരിപ്പിക്കുന്നതും വിൽക്കുന്നതുമാണ് കുറ്റകരമെന്നും കോടതി പറഞ്ഞു. സ്വകാര്യ വ്യക്തി നല്‍കിയ ഹർജി പരിഗണിച്ചാണ് കോടതി പരാമർശം. പതിനൊന്ന് വര്‍ഷം മുന്‍പ് കൊല്ലം കെഎസ്ആർടിസി സ്റ്റാന്റിൽ ബസ് കാത്ത് നിന്ന യുവതിയെയും യുവാവിനെയും പോലീസ് പരിശോധിക്കുകയും ഇവരുടെ കൈയ്യിലുണ്ടായിരുന്ന ഡിജിറ്റൽ ക്യാമറ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ ക്യാമറ പരിശോധിച്ചപ്പോൾ അതിൽ നിന്നും യുവതിയുടെ ലൈംഗിക സ്വഭാവ ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു.

Support Evartha to Save Independent journalism

തുടര്‍ന്ന് സ്ത്രീയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പേരിൽ യുവാവിനെ ഒന്നാം പ്രതിയും യുവതിയെ രണ്ടാം പ്രതിയുമാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇവ പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാത്തതിനാൽ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി യുവാവും യുവതിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒപ്പമുള്ള യുവാവ് തന്റെ പങ്കാളിയാണെന്നും ദൃശ്യങ്ങളടങ്ങിയ ക്യാമറ തന്റെതാണെന്നും യുവതി കോടതിയെ അറിയിച്ചു.

യുവതിയുടെ മൊഴി പരിഗണിച്ചാണ് സ്വന്തം നഗ്നചിത്രങ്ങളും വീഡിയോകളും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്നും ഇത്തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടിയത്. ഇവര്‍ക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ തള്ളികളഞ്ഞ കോടതി ക്രിമിനൽ കേസും റദ്ദാക്കി.