‘ഇവിടെ പട്ടിണിയാണ്‌, ഞാന്‍ മടങ്ങി വന്നോട്ടെ’; ഐഎസില്‍ ചേര്‍ന്ന മലയാളി

single-img
8 June 2019

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോയ കാസര്‍കോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാന്‍ രാജ്യത്തേക്ക് മടങ്ങി വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചാണ് ഫിറോസ് തിരിച്ചു വരണമെന്ന് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ വൃത്തങ്ങളെയും ബന്ധുക്കളെയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

Support Evartha to Save Independent journalism

2016ലാണ്‌ ഐഎസില്‍ ചേരാനായി ഫിറോസ്‌ അഫ്‌ഗാനിസ്ഥാനിലേക്ക്‌ പോയത്‌. പിന്നീട്‌ ഇയാള്‍ സിറിയയിലേക്ക്‌ കടന്നു. കഴിഞ്ഞമാസമാണ്‌ മാതാവ്‌ ഹബീബയെ വിളിച്ച്‌ തനിക്ക്‌ തിരികെവരണമെന്ന്‌ ഫിറോസ്‌ ആഗ്രഹം പ്രകടിപ്പിച്ചത്‌. നാട്ടിലെത്തി കീഴടങ്ങിക്കോളാം എന്നാണ്‌ ഫിറോസ്‌ പറഞ്ഞത്‌.

സിറിയയില്‍ ഐഎസ്‌ അംഗങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ്‌. കഴിക്കാന്‍ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ഫിറോസ്‌ പറഞ്ഞതായി ബന്ധുക്കളെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

നാട്ടിലേക്ക്‌ മടങ്ങിയെത്തിയാല്‍ തനിക്കെതിരെ എന്തൊക്കെ കേസുകളാണ്‌ ഉണ്ടാവുക എന്ന്‌ ഫിറോസ്‌ അന്വേഷിച്ചതായാണ്‌ വിവരം. ഐഎസ്‌ മുന്‍കയ്യെടുത്ത്‌ ഒരു മലേഷ്യന്‍ സ്വദേശിനിയുമായി തന്റെ വിവാഹം നടത്തിയെന്നും യുവതി പിന്നീട്‌ തന്നെ ഉപേക്ഷിച്ച്‌ പോയെന്നും ഫിറോസ്‌ പറഞ്ഞു. ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത സുരക്ഷാഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌.

നേരത്തെ ഐ.എസില്‍ ചേര്‍ന്ന കാസര്‍കോഡ് സ്വദേശി റാഷിദ് അബ്ദുള്ള അഫ്ഗാനിസ്ഥാനില്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഖുറസാന്‍ പ്രദേശത്ത് നിന്ന് ഐ.എസ് അയച്ച ടെലഗ്രാം സന്ദേശത്തിലാണ് യു.എസ് വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റാഷിദിനെ കൂടാതെ വേറെയും ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.