തമിഴ്നാട്ടില്‍ ഹിന്ദി വിരോധം പുകയുന്നു; കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് ബോര്‍ഡുകളില്‍ ഹിന്ദി അക്ഷരങ്ങള്‍ക്ക് മുകളില്‍ കറുപ്പ് ചായമടിച്ച് മറച്ചു

single-img
8 June 2019

കേന്ദ്രസർക്കാർ ഭാഷാ നയത്തിനെതിരെ തമിഴ്‌നാട്ടിൽ ഹിന്ദി വിരോധം പുകയുന്നു. തിരുച്ചിറപ്പള്ളിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലെയും ബിഎസ്എന്‍എല്‍ ഓഫീസിന്‍റെയും വിമാനത്താവളങ്ങളിലെയും ബോര്‍ഡുകളിലെ ഹിന്ദി അക്ഷരങ്ങള്‍ക്ക് മുകളില്‍ കറുപ്പ് ചായമടിച്ച് മറിച്ചിരിക്കുകയാണ്‌ പ്രതിഷേധക്കാർ. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇതേ ബോർഡുകളിൽ ഇംഗ്ലീഷില്‍ പേരെഴുതിയത് പ്രതിഷേധക്കാര്‍ തൊട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Support Evartha to Save Independent journalism

കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന ത്രിഭാഷ നയത്തില്‍ പ്രതിഷേധിച്ചാണ് ഹിന്ദിയില്‍ എഴുതിയ പേരുകള്‍ക്ക് മേല്‍ കറുപ്പ് ചായം പൂശിയത് എന്നാണ് വ്യക്തമാകുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മറ്റ് ഭാഷാ സംസ്ഥാനങ്ങൾക്ക് മേൽ കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്നാരോപിച്ച് തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംകെ മുന്നോട്ടുവന്നിരുന്നു. അതേപോലെ തമിഴ് പാഠപുസ്തകത്തില്‍ ഇതിഹാസ തമിഴ്കവി സുബ്രഹ്മണ്യം ഭാരതിയുടെ തലക്കെട്ടിന് കാവിനിറം നല്‍കിയതും വിവാദമായിരുന്നു.