രോഗിയുമായെത്തിയ ആംബുലന്‍സിന് വഴിമുടക്കി; സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

single-img
8 June 2019

തൃശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന്‍റെ വഴി മുടക്കിയ സ്വകാര്യ ബസിന്‍റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മനക്കൊടി സ്വദേശി സുജിലിനെയാണ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വണ്ടിയോടിച്ചതിനും മാർഗതടസമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സുജിലിനെ കോടതി ജാമ്യത്തിൽ വിട്ടു.

ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് ഇടശ്ശേരി സ്വദേശി പുഴങ്കര ഇല്ലത്ത് അബ്ദുൾ റഹിമാന്റെ ഭാര്യ ഐഷാബി (67)യാണ് മരിച്ചത്. ശരീരത്തിൽ എന്തോ കടിച്ചതിനെത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഐഷാബിയെ വാടാനപ്പള്ളി ആക്ട്സിന്റെ ആംബുലൻസിൽ തൃശ്ശൂർ ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു സംഭവം.

മനക്കൊടി ചേറ്റുപുഴ പാടത്ത് ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു ആബുലൻസ്. നിർമാണജോലികൾ നടക്കുന്ന വാടാനപ്പള്ളി സംസ്ഥാനപാതയിൽ ചേറ്റുപുഴ പാടം മുതൽ വ്യാഴാഴ്ച വലിയ ഗതാഗതക്കുരുക്കായിരുന്നു. ഇതിനിടെ തൃശ്ശൂർ-കാഞ്ഞാണി റൂട്ടിലോടുന്ന മണിക്കുട്ടൻ എന്ന ബസ് വരിതെറ്റിച്ച് തെറ്റായ ദിശയിൽ കടന്നുവന്നു.

ഇതോടെ ആംബുലൻസ് 15 മിനിറ്റോളം നീങ്ങാൻ കഴിയാത്തവിധം കുരുങ്ങി. ആംബുലൻസ് ഡ്രൈവർ മൻസൂർ ഇറങ്ങിച്ചെന്ന് ബസ് ഡ്രൈവറോട് വണ്ടി മാറ്റാൻ ആവശ്യപ്പെട്ടു. തർക്കത്തിനൊടുവിലാണ് ആംബുലൻസിന് കടന്നുപോകാനായത്. വഴിമധ്യേയാണ് ഐഷാബി മരിച്ചത്.

ആംബുലൻസിൽ ഇരുന്ന് പകർത്തിയ ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതേത്തുടർന്നാണ് പോലീസ് ഇടപെടൽ. പോലീസ് മീഡിയ സെല്ലിന്റെ ഫേസ്ബുക്ക് പേജിൽ ഇതുസംബന്ധിച്ച് കേസെടുത്ത വിവരം വീഡിയോ ദൃശ്യം സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.