മൂന്നു വയസുകാരിയെ കൊന്ന കേസിലെ പ്രതി അഞ്ചു വര്‍ഷം മുമ്പു സ്വന്തം മകളെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെന്നു പൊലീസ്

single-img
8 June 2019

രാജ്യമൊട്ടാകെ വൻ പ്രതിഷേധത്തിന് കാരണമായ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ അലിഗഡ് സംഭവത്തിൽ ഉറച്ച നിലപാടുമായി പൊലീസ്. കേസിൽ മുഖ്യപ്രതിയുടെ ഭാര്യയും സഹോദരനുമാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ ഇതുവരെ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. 

കേസില്‍ അറസ്റ്റിലായ ഒരാള്‍ അഞ്ചു വര്‍ഷം മുമ്പു സ്വന്തം മകളെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെന്നു പൊലീസ് അറിയിച്ചു. ആ കേസില്‍ ഭാര്യയാണ് ഇയാളെ ജാമ്യത്തില്‍ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു. ഇയാളും സഹീദ് എന്നയാളും ചേര്‍ന്നാണ് മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നത്.

അതേസമയം അലിഗഡ് ബാർ അസോസിയേഷൻ ജനറൽ സെക്രട്ടറി അനൂപ് കൗശിക് പ്രതികൾക്ക് വേണ്ടി ഹാജരാകില്ലെന്ന് അറിയിച്ച് രംഗത്തെത്തി. വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ അസോസിയേഷന് കീഴിലെ ഒരു അഭിഭാഷകനും കേസ് ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ, പുറത്ത് നിന്നുള്ള മറ്റൊരു അഭിഭാഷകനെയും പ്രതികൾക്ക് വേണ്ടി വാദിക്കാൻ കോടതിയിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച കുഞ്ഞിന്റെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തില്‍ രാജ്യമെങ്ങും അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ദേശീയ ബാലാവകാശ കമ്മിഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന 3 വയസ്സുകാരിയെ മേയ് 31നാണു കാണാതായത്. കഴിഞ്ഞ ഞായറാഴ്ച സമീപത്തെ കുപ്പത്തൊട്ടിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. കുട്ടിയുടെ അയല്‍വാസികളായ 2 പേര്‍ അറസ്റ്റിലായി.

കടം വാങ്ങിയ തുകയില്‍ ബാക്കിയുള്ള 10,000 രൂപ മുത്തച്ഛന്‍ തിരികെ ചോദിച്ചതിലുള്ള പ്രതികാരത്തിനു കൊലപാതകത്തിനു കാരണമെന്നു പ്രതികള്‍ സമ്മതിച്ചു. മൃതദേഹം കണ്ടെടുത്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിച്ചതു ജനരോഷത്തിനു കാരണമായി. നാട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായി തെരുവിലിറങ്ങി. സമൂഹമാധ്യമങ്ങളിലും രോഷമുയര്‍ന്നതോടെയാണ് അറസ്റ്റുണ്ടായത്.

കൃത്യവിലോപത്തിന് 5 പൊലീസുകാരും സസ്‌പെന്‍ഷനിലായി. കേസന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചു. കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നുവെന്ന കുടുംബാംഗങ്ങളുടെ ആരോപണം പൊലീസ് നിഷേധിച്ചു. മൃതദേഹം ജീര്‍ണിച്ചുതുടങ്ങിയതിനാല്‍ അങ്ങനെ തോന്നിയതാകാമെന്നാണു പൊലീസ് വ്യക്തമാക്കിയത്. കുട്ടിയുടെ കയ്യും കാലും ഒടിഞ്ഞ നിലയിലായിരുന്നു. ക്രൂരമായി മര്‍ദിച്ചശേഷം കഴുത്തു ഞെരിച്ചുകൊന്നുവെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ലൈംഗികപീഡനം നടന്നതായി സൂചനകളില്ല.