ഡല്‍ഹിക്ക് മികച്ച ഒരു ആരോഗ്യ പദ്ധതിയുണ്ട്; കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് അടിച്ചേല്‍പ്പിക്കരുത് എന്ന് കെജ്‌രിവാള്‍

single-img
7 June 2019

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഡല്‍ഹിക്കുമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
‘സംസ്ഥാനത്ത് നിലവില്‍ മികച്ച ഒരു ആരോഗ്യ പദ്ധതി ഉണ്ട്. അത് അവസാനിപ്പിച്ച് പുതിയത് ആരംഭിക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല. നിലവില്‍ ഉള്ളത് നിര്‍ത്തലാക്കി ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കിയാല്‍ ഡല്‍ഹി നിവാസികളെ അത് പ്രതികൂലമായി ബാധിക്കും’- കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന് അയച്ച കത്തില്‍ പറയുന്നു.

സംസ്ഥാനത്ത് ഇപ്പോഴുള്ള ആരോഗ്യ പദ്ധതിയെക്കാള്‍ ആയുഷ്മാന്‍ പദ്ധതിക്ക് എന്തെങ്കിലും മേന്മ അധികമായി ഉണ്ടെന്ന് തോന്നിയാല്‍ അത് തനിക്ക് വ്യക്തമാക്കിത്തരണമെന്നും കെജ്‌രിവാള്‍ കത്തില്‍ ആവശ്യപ്പെട്ടു. അങ്ങിനെ ഒന്ന് ഉണ്ടെങ്കില്‍ അത് ഡല്‍ഹിയുടെ ആരോഗ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കെജ്‌രിവാള്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ ആരോഗ്യപദ്ധതിയുടെ മികവുകള്‍ അക്കമിട്ട് നിരത്തിക്കാണിച്ച കെജ്‌രിവാള്‍, ആയുഷ്മാന്‍ പദ്ധതിയെക്കാള്‍ പത്തു മടങ്ങ് മികച്ചതാണ് ഇതെന്നും അവകാശപ്പെട്ടു.

കേന്ദ്ര പദ്ധതിയുടെ ആനുകൂല്യം 10,000 രൂപ മാസവരുമാനം ഉള്ളവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളുവെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാള്‍ ഡല്‍ഹിയില്‍ അടിസ്ഥാന വേതനം ലഭിക്കുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്ന് പറയുന്നു. മാത്രമല്ല, സംസ്ഥാനത്ത് ആരോഗ്യപദ്ധതിയുടെ ആനുകൂല്യം രണ്ടു കോടി പൗരന്മാര്‍ക്കും ലഭിക്കുന്നുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.’ കേന്ദ്ര പദ്ധതി അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സ ചിലവുകളാണ് വഹിക്കുക. ഡല്‍ഹിയുടേത് മുഴുവന്‍ ചികിത്സാ ചിലവുകളും വഹിക്കും’- കത്തില്‍ പറയുന്നു.