സിഒടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവം; പോലീസിന്റെ എഫ് ഐ ആറിൽ പേരില്ലാതിരുന്നിട്ടും ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി

single-img
7 June 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തില്‍ സിപിഎം വിമത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് പേർ ഇന്ന് കോടതിയിൽ കീഴടങ്ങി. നസീറിനെ ആക്രമിച്ചതിൽ നേരിട്ട് പങ്കെടുത്ത കൊളശേരി സ്വദേശി റോഷൻ ബാബു, വേറ്റുമ്മൽ സ്വദേശി ശ്രീജൻ എന്നിവരാണ് കേസ് പരിഗണിക്കുന്ന തലശേരി കോടതിയിൽ കീഴടങ്ങിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് തയാറാക്കിയ എഫ് ഐ ആറിൽ പരാമർശിക്കാത്ത പ്രതികളാണ് ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്.കോടതി ഇന്ന് ഇരുവരെയും റിമാൻഡ് ചെയ്തപ്പോഴും അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും റിപ്പോർട്ട് തേടിയിട്ടില്ല. അതിനാൽ തന്നെ ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ പോലീസിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കേസിൽ പോലീസ് പിടിയിലായവരുടെ എണ്ണം ഇതോടെ അഞ്ചായി.

ആക്രമണത്തിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ചയാളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ രാത്രിയിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്നും സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി ഒ ടി നസീർ ആവശ്യപ്പെട്ടിരുന്നു.