‘മോദി ശിവലിംഗത്തിലിരിക്കുന്ന തേള്‍’ പരാമര്‍ശം; ശശി തരൂരിന് ജാമ്യം

single-img
7 June 2019

Doante to evartha to support Independent journalism

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് ജാമ്യം. മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് നല്‍കിയ കേസിലാണ് ശശി തരൂരിന് ജാമ്യം ലഭിച്ചത്. 20000 രൂപയുടെ ബോണ്ടിന്മേല്‍ ഡെല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്.

കേസുമായി ബന്ധപ്പെട്ട് തരൂര്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ജൂലൈ 25 ന് കേസ് വീണ്ടും പരിഗണിക്കും. പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബബ്ബറില്‍ നിന്ന് മൊഴി എടുക്കുന്നതിന് വേണ്ടിയാണ് കേസ് മാറ്റിയത്. 2018 ഒക്ടോബറില്‍ ബംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ സംവാദത്തിനിടെയായിരുന്നു തരൂരിന്റെ വിവാദ പരാമര്‍ശം.

നരേന്ദ്രമോദി ശിവലിംഗത്തിന് മുകളില്‍ കയറിയ തേളിനെപ്പോലെയാണെന്നും കൈ കൊണ്ട് തട്ടിക്കളയാനും പറ്റില്ല, ചെരുപ്പുകൊണ്ട് അടിച്ച് കൊല്ലാനും പറ്റില്ലെന്ന അവസ്ഥയിലാണെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞുവെന്നാണ് തരൂര്‍ വെളിപ്പെടുത്തിയത്.

‘പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പുസ്തകത്തിന്റെ ചര്‍ച്ചക്കിടെയാണ് ഒരു ആര്‍.എസ്.എസ്. നേതാവ് തന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകനോട് ഇങ്ങനെ പറഞ്ഞതായി തരൂര്‍ വ്യക്തമാക്കിയത്. പരാമര്‍ശം വിവാദമായതോടെ ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് കേസ് വന്നത്. തരൂര്‍ മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് രാജീവ് ബബ്ബാറാണ് കോടതിയെ സമീപിച്ചത്.