മൊഴി നിഷേധിച്ച് ജ്യൂസ് കടയുടമ: ഹാർഡ് ഡിസ്ക് വാങ്ങിക്കൊണ്ടുപോയത് പ്രകാശ് തമ്പിയല്ല പൊലീസെന്ന് ഷംനാദ്

single-img
7 June 2019

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീണ്ടും വഴിത്തിരിവ്. ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി വാങ്ങിക്കൊണ്ടുപോയെന്ന മൊഴി നിഷേധിച്ച് കൊല്ലത്തെ ജ്യൂസ് കടയുടമ. ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് വാങ്ങിക്കൊണ്ടുപോയത് പ്രകാശ് തമ്പിയല്ല മറിച്ച് പൊലീസ് ആയിരുന്നുവെന്ന് ജ്യൂസ് കടയുടമ ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ പ്രകാശൻ തമ്പി തന്റെ കടയിൽ വന്ന് സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയി എന്ന തരത്തിൽ ഷംനാദ് മൊഴി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ ഘട്ടത്തിലാണ് ഷംനാദ് തന്നെ വെളിപ്പെടുത്തലുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

പ്രകാശൻ തമ്പി ആരാണെന്ന് തനിക്ക് അറിയില്ലെന്നും. അങ്ങനെയാരും തന്റെ കടയിൽ വന്നിട്ടില്ലെന്നും ഷംനാദ് പറഞ്ഞു. എന്നാൽ ബാലഭാസ്‌കറിന്റെ അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷം ഡിവൈഎസ്പി ഹരികൃഷ്ണനാണ് ഹാർഡ് ഡിസ്‌ക് കൊണ്ടുപോയതെന്നും ഫോറൻസിക് വിദഗ്‌ദർ പരിശോധിക്കുന്നതിനുവേണ്ടിയാണ് അതുകൊണ്ടുപോയതെന്നാണ് അവർ പറഞ്ഞതെന്നും ഷംനാദ് പറഞ്ഞു.

ഇതോടെ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഏറിവരികയാണ്. അപകടദിവസം ബാലഭാസ്കറിന്റെ കാർ ഓടിച്ചിരുന്ന അർജ്ജുൻ ഒളിവിൽപ്പോയതായി പൊലീസ് അറിയിച്ചിരുന്നു.