ലൈംഗിക പീഡനകേസ്; ചോദ്യം ചെയ്യലിനായി നെയ്മര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത് വീല്‍ ചെയറില്‍

single-img
7 June 2019

തനിക്കെതിരെ ഉണ്ടായ ലൈംഗികപീഡന പരാതിയുമായി ബന്ധപ്പെട്ട് ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മര്‍ ചോദ്യം ചെയ്യലിനായി ഇന്ന് പോലീസ് സ്‌റ്റേഷനിലെത്തി. പരാതി നല്‍കിയ യുവതിയുടെ വിവരങ്ങളും ദൃശ്യങ്ങളും അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിചു എന്നാ കേസില്‍ മൊഴി നല്‍കാനായാണ് നെയ്മര്‍ ബ്രസീല്‍ പോലീസിന് മുന്നിലെത്തിയത്.

കഴിഞ്ഞ ദിവസം ഖത്തറിനെതിരെ നടന്ന മത്സരത്തില കാല്‍ക്കുഴയ്ക്ക് പരിക്കേറ്റിരുന്ന താരം വീല്‍ചെയറിലാണ് സ്റ്റേഷനിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് സ്‌റ്റേഷന് മുന്നില്‍ നെയ്മറെ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ സ്വാഗതം ചെയ്തു. പോലീസ് ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കാനാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് നെയ്മര്‍ നല്‍കിയ മൊഴി.

നെയ്മര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച യുവതി താനുമായി സംസാരിച്ചതിന്റെ വിവരങ്ങളും യുവതിയുടെ ചിത്രങ്ങളും ഉള്‍പ്പെടെയുള്ള വീഡിയോ നെയ്മര്‍ പുറത്തുവിടുകയായിരുന്നു. എന്നാല്‍ ലൈംഗികപീഡന പരാതി നല്‍കുന്ന സ്ത്രീകളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ പുറത്തുവിടുന്നത് ബ്രസീലില്‍ അഞ്ചുവര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണ്.

ബ്രസീലില്‍ സാവോപോളോ പോലീസിനാണ് യുവതി നെയ്മര്‍ക്കെതിരെ പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ നെയ്മര്‍ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. എന്നാല്‍, തനിക്കെതിരെ ഉയര്‍ന്ന ആരോപണം നെയ്മര്‍ നിഷേധിച്ചിരുന്നു. ഭീഷണിയിലൂടെ പണം തട്ടാനുള്ള ശ്രമമാണിതെന്നാണ് നെയ്മറുടെ വാദം. താന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിച്ച യുവതി നെയ്മര്‍ക്കെതിരെ പുതിയ വീഡിയോ പുറത്തുവിടുകയും ചെയ്തു.